ഇലന്തൂരിലെ ഇരട്ടക്കൊലപാതകം: ലൈലയുടെ ജാമ്യാപേക്ഷ തള്ളി
Mail This Article
കൊച്ചി ∙ ഇലന്തൂരിലെ ഇരട്ടക്കൊലപാതക കേസിൽ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗൂഢാലോചനയിലും ക്രൂരമായ കൊലപാതകത്തിലും ലൈലയ്ക്കു പങ്കുണ്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി 59 വയസ്സുള്ള സ്ത്രീയെന്ന ഒരു പരിഗണനയ്ക്കും അർഹതയില്ലെന്നും പറഞ്ഞു. പ്രതികൾ നടത്തിയതു രക്തം ഉറഞ്ഞുപോകുന്ന തരം കൊലപാതകമാണെന്നും ആരോപണങ്ങൾ തെളിഞ്ഞാൽ ആണായാലും പെണ്ണായാലും മനുഷ്യരെന്നു വിളിക്കപ്പെടാൻ യോഗ്യരല്ലെന്നും ജസ്റ്റിസ് സോഫി തോമസ് വിധി ന്യായത്തിൽ പറഞ്ഞു.
മനുഷ്യവർഗത്തിനാകെ നാണക്കേടുണ്ടാക്കിയ, സമൂഹ മനഃസാക്ഷിയെയാകെ ഞെട്ടിച്ച കേസാണിത്. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവരുടെ സാന്നിധ്യം തന്നെ സമൂഹത്തിനു ഭീഷണിയാകുമെന്നും കോടതി പറഞ്ഞു. റോസ്‌ലിൻ മരിക്കുന്നതിനു മുൻപു നഗ്നചിത്രം ഫോണിൽ പകർത്തിയതും തുടർന്ന് ഇരയുടെ ശരീരഭാഗങ്ങൾ പാകം ചെയ്തതും ലൈലയാണെന്നതിന്റെ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.