പൊലീസ് തല്ലിച്ചതച്ച മേഘ ഇപ്പോഴും ചികിത്സയിൽ; കഴുത്തിലെ അസ്ഥികൾ സ്ഥാനംമാറി ഞരമ്പിനു ക്ഷതം
Mail This Article
തിരുവല്ല ∙ ‘രണ്ടുവശത്തേക്കും മുടി പിന്നിയിട്ടു വരണമെന്നാ ടീച്ചർ പറഞ്ഞത്. അമ്മ മുടികെട്ടിത്തന്നാലെ ശരിയാകൂ. വീട്ടിലേക്ക് അമ്മയിനി എപ്പോഴാ വരുന്നേ?’– മകൾ അഞ്ചാംക്ലാസുകാരി പാർവണേന്ദുവിന്റെ ചോദ്യം കേട്ട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ മേഘ വിതുമ്പുന്നുണ്ടായിരുന്നു. ‘അമ്മ ഉടൻ വരും, അതുവരെ നല്ലകുട്ടിയായി ഇരിക്കണം’ എന്നു പറഞ്ഞാണു ഫോൺ വച്ചത്.
രണ്ടാഴ്ച മുൻപ് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.
ലാത്തികൊണ്ടുള്ള അടിയിൽ കഴുത്തിലെ അസ്ഥികൾ സ്ഥാനംമാറി ഞരമ്പിനു ക്ഷതമേറ്റിട്ടുണ്ട്. ഇതുമൂലം ഇപ്പോഴും എഴുന്നേറ്റുനിൽക്കുമ്പോൾ ഛർദിക്കുന്നു. ‘2 മാസം പൂർണമായി വിശ്രമിക്കണം. ഭാരമുള്ള ജോലികൾ ചെയ്യരുതെന്നും സ്കൂട്ടർപോലും ഓടിക്കരുതെന്നാണു ഡോക്ടർ പറഞ്ഞത്. 25 ലക്ഷം രൂപ ലോൺ എടുത്താണ് 10 മാസം മുൻപ് കായംകുളത്ത് ബ്യൂട്ടി സലൂൺ തുടങ്ങിയത്. മുൻപോട്ടുള്ള ജീവിതം വലിയ ചോദ്യച്ചിഹ്നമായി നിൽക്കുകയാണ്’– മേഘ പറഞ്ഞു.
മേഘയ്ക്കു പുറമേ മറ്റു വനിതാ പ്രവർത്തകർക്കും സാരമായി പരുക്കേറ്റിരുന്നു. അവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്. പരുക്കേറ്റ മേഘയടക്കമുള്ള പ്രവർത്തകരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ കാര്യമായ ചികിത്സ ലഭിച്ചില്ലെന്നും ചികിത്സ വൈകിപ്പിച്ചെന്നും മേഘ പറഞ്ഞു.
‘മതിലിന്റെ വശത്ത് ഒതുങ്ങി നിൽക്കുകയായിരുന്നു ഞങ്ങൾ. ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകനെ പൊലീസുകാർ ആക്രമിച്ചു പുറത്തേക്കു പിടിച്ചുകൊണ്ടു വരുന്നുണ്ടായിരുന്നു. അവർ എന്റെ പിന്നിലേക്കായിരുന്നു വന്നത്. പൊലീസ് ഉദ്യോഗസ്ഥൻ എന്റെ നേരെ ലാത്തിയുയർത്തി. ഞാൻ അലറിവിളിച്ചിട്ടും ഉദ്യോഗസ്ഥൻ പിന്തിരിഞ്ഞില്ല. അടിയേൽക്കാതിരിക്കാൻ തല വെട്ടിച്ചപ്പോളേക്കും കഴുത്തിന് അടിയേറ്റിരുന്നു. എന്നിട്ടും പിന്മാറാതെ അയാൾ വീണ്ടും അടിച്ചു. ആ അടിയിൽ ഞാൻ വീണുപോയി. പരുക്കേറ്റ് ഒടിഞ്ഞുതൂങ്ങി ചോരവാർന്ന വിരലുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ ആണ് ഞങ്ങളെ താങ്ങിനിർത്തിയത്’. ‘ഛർദിക്കു പുറമേ ശ്വാസംമുട്ടലുമുണ്ട്. വേദനമൂലം രാത്രി ഉറങ്ങാൻ കഴിയുന്നില്ല’ – മേഘ പറഞ്ഞു.