നാരീശക്തിയുടെ പ്രതീകം; പരേഡ് നയിക്കാൻ കേരളത്തിന്റെ മിടുക്കികൾ
Mail This Article
ന്യൂഡൽഹി ∙ കർത്തവ്യപഥിലൂടെ നാരീശക്തിയുടെ പ്രതീകമായി കടന്നു പോകുന്ന റിപ്പബ്ലിക് ദിന പരേഡിൽ വിവിധ സേനകളെ നയിക്കുന്നതു കേരളത്തിന്റെ അഭിമാന നായികമാർ. സിആർപിഎഫ് സംഘത്തെ അസിസ്റ്റന്റ് കമൻഡാന്റ് മേഘ നായരും ഡൽഹി പൊലീസിനെ ശ്വേത കെ. സുഗതനും നയിക്കും. നാവിക സേനയുടെ പ്ലറ്റൂൺ കമാൻഡറായി എച്ച്.ദേവികയും ഉണ്ടാകും.
സിആർപിഎഫിന്റെ 148 അംഗ സംഘത്തയാണു പന്തളം സ്വദേശിയും ഡൽഹി മലയാളിയുമായ അസിസ്റ്റന്റ് കമൻഡാന്റ് മേഘ നായർ നയിക്കുന്നത്. വിശാഖപട്ടണം 234–ാം സിആർപിഎഫ് ബറ്റാലിയന്റെ ഭാഗമാണ് മേഘ. ഡൽഹി ക്വിദ്വായ് നഗറിൽ താമസിക്കുന്ന എൻഡിഎംസി എൻജിനീയർ പി.എസ്.എം. പിള്ളയുടെയും ജയലക്ഷ്മിയുടെയും മകളാണ്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫിന്റെ റിസർവ് കമൻഡാന്റായിരുന്നു.
ചരിത്രത്തിൽ ആദ്യമായി ഡൽഹി പൊലീസ് സംഘത്തിൽ വനിതകൾ മാത്രം പരേഡിനിറങ്ങുമ്പോൾ നയിക്കുന്നതു തൃശൂർ ചാലക്കുടി സ്വദേശിയും ഡൽഹി നോർത്ത് ഡിസ്ട്രിക്ട് അഡീഷനൽ കമ്മിഷണറുമായ ശ്വേത കെ.സുഗതനാണ്. പോസ്റ്റൽ വകുപ്പിൽ നിന്നു വിരമിച്ച് ചാലക്കുടിയിൽ അഭിഭാഷകനായി പ്രാക്ടിസ് ചെയ്യുന്ന കെ.എസ്.സുഗതന്റെയും എൽഐസി ഉദ്യോഗസ്ഥ ബിന്ദുവിന്റെയും മകളാണ്. 2019 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്വേത.
ചരിത്രത്തിലാദ്യമായി പരേഡിൽ പങ്കെടുക്കുന്ന കര, നാവിക, വ്യോമ സേനകളിലെ ട്രൈ സർവീസ് വിമൻ കണ്ടിജന്റിൽ കരസേനയിലെ 8 മലയാളികളുണ്ട്. ബിഎസ്എഫ് ക്യാമൽ മൗണ്ടൻ വനിതാ സംഘത്തിലുമുണ്ട് 4 മലയാളികൾ. ബി.ആർ.രഞ്ജിനി (ആയൂർ, കൊല്ലം), പി.കീർത്തന (കോഴിക്കോട്), കെ.എസ്.വിദ്യ (കോട്ടയം), എം.അനീഷ്യ (ആലപ്പുഴ).
രഞ്ജിനി ജമ്മുവിൽ ബിഎസ്എഫിലാണ്. മറ്റു 3 പേരും ദക്ഷിണ ബംഗാൾ അതിർത്തിയിൽ. സിആർപിഎഫിന്റെ 262 അംഗ മോട്ടർ സൈക്കിൾ സാഹസിക പ്രകടന സംഘമായ യശസ്വിനിയിൽ 10 മലയാളി വനിതകളുണ്ട്.
നാവിക സേനാ സംഘത്തിന്റെ മുൻനിരയിലെ 3 പ്ലറ്റൂൺ കമാൻഡർമാരിൽ ഒരാളാണ് അടൂർ സ്വദേശിയായ എച്ച്.ദേവിക. ഡൽഹി നാവിക ആസ്ഥാനത്ത് സൈബർ വിഭാഗത്തിൽ ലഫ്റ്റനന്റ് ആണ്. വ്യോമസേനയിൽ നിന്നു വിരമിച്ച ശേഷം കോട്ടയം ജില്ലാ കോടതിയിൽ മാനേജരായ അടൂർ ഹരിശ്രീ മഠത്തിൽ കെ. ഹരികുമാർ നമ്പൂതിരിയുടെയും വി. കവിതദേവിയുടെയും മകൾ.
ആർ. പ്രിയദർശിനി (പാലക്കാട്), പി.ഡി.ജോസ്ന (വയനാട്), നവ്യ അജയൻ (തിരുവനന്തപുരം), കെ.യു.അശ്വതി (തൃശൂർ), എ.മാളു (കൊല്ലം), പി.എസ്.അർച്ചന (തിരുവനന്തപുരം), എസ്.ആർ.ഗൗരി (തിരുവനന്തപുരം), ജനിക ജയൻ (കരുനാഗപ്പള്ളി) എന്നിവരാണ് ട്രൈ സർവീസ് കണ്ടിജന്റിലെ മലയാളി വനിതകൾ.
നാഗ്പുർ സിആർപിഎഫ് 213 മഹിളാ ബറ്റാലിയനിലെ അംഗങ്ങളാണ് സിആർപിഎഫിന്റെ ‘യശ്വസിനി’ സാഹസിക സംഘത്തിലുള്ളത്. എം.കെ.ജിൻസി (പാറക്കടവ്, കോഴിക്കോട്), അഞ്ജു സജീവ് (കടയ്ക്കൽ, കൊല്ലം), അപർണ ദേവദാസ് (വാളയാർ, പാലക്കാട്), സി.മീനാംബിക (പുത്തൂർ, പാലക്കാട്), സി.പി.അശ്വതി (പട്ടാമ്പി. പാലക്കാട്), എൻ.സന്ധ്യ (കുഴൽമന്ദം, പാലക്കാട്), ബി.ശരണ്യ (കൊല്ലം) സി.വി.അഞ്ജു (നാദാപുരം കോഴിക്കോട്), ടി.എസ്.ആര്യ (കല്ലറ, തിരുവനന്തപുരം), ഇ.ശിശിര (മഞ്ചേരി, മലപ്പുറം) എന്നിവരാണ് സംഘാംഗങ്ങൾ. ഇവർക്കു പുറമേ അഗ്നിവീർ സംഘങ്ങളിലും എൻസിസി, എൻഎസ്എസ് കെഡറ്റുകളിലും മലയാളി വനിതകളുണ്ട്.