‘മസാല ബോണ്ടിനെ ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും എതിർത്തു; ഐസക് ഉറച്ചുനിന്നു, മിണ്ടാതെ മുഖ്യമന്ത്രി’
Mail This Article
തിരുവനന്തപുരം ∙ മസാല ബോണ്ടിറക്കാൻ തീരുമാനിച്ച കിഫ്ബി യോഗത്തിന്റെ മിനിറ്റ്സ് 3 വർഷം മുൻപ് സർക്കാർ നിയമസഭയിൽ വച്ചത്. ഇൗ മിനിറ്റ്സാണ് ഇപ്പോൾ മന്ത്രി തോമസ് ഐസക്കിനെതിരായ പ്രധാന ആയുധമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രയോഗിക്കുന്നത്. ഉയർന്ന പലിശനിരക്കിൽ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിൽ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിർത്തതായാണു മിനിറ്റ്സ് വ്യക്തമാക്കുന്നത്.
2018 ഒക്ടോബർ 2 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 34-ാം ജനറൽ ബോഡിയിലാണു 14-ാം അജൻഡയായി മസാല ബോണ്ട് ചർച്ചയ്ക്കെത്തിയത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോണ്ടിറക്കി പണം സമാഹരിക്കാൻ കിഫ്ബി സിഇഒ ആയിരുന്ന കെ.എം.ഏബ്രഹാം ബോർഡിന്റെ അനുമതി തേടി. ‘‘രാജ്യത്തിനകത്തു കുറഞ്ഞ പലിശയ്ക്കു ബോണ്ടിറക്കി പണം സമാഹരിക്കാൻ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്കു ബോണ്ടിനു ശ്രമിക്കണം?’’ എന്നായിരുന്നു ധനസെക്രട്ടറി മനോജ് ജോഷിയുടെ ചോദ്യം.
പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസും ഇടപെട്ടു. പൊതുവേ വിദേശ വിപണിയിൽ പലിശനിരക്കു കുറഞ്ഞു നിൽക്കുമ്പോൾ എന്തു കൊണ്ടാണു മസാല ബോണ്ടിന്റെ പലിശ ഇത്രമാത്രം ഉയർന്നു നിൽക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. നാണയ വിനിമയ നിരക്കുകളുടെ ഡേറ്റ പരിശോധിച്ചാൽ കുറഞ്ഞനിരക്കിൽ ലഭിക്കുമോ എന്നു കണ്ടെത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ബോർഡ് അംഗങ്ങളായ പ്രഫ.സുശീൽ ഖന്ന, ജെ.എൻ.ഗുപ്ത, സലിം ഗംഗാധരൻ, ആർ.കെ.നായർ എന്നിവർ മസാല ബോണ്ടിനെ അനുകൂലിക്കുകയും തുടർനടപടിയുമായി മുന്നോട്ടു പോകണമെന്നു നിർദേശിക്കുകയും ചെയ്തു. തുടർന്നു ചർച്ച ഉപസംഹരിച്ച് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു: ‘പലിശ നിരക്കു കൂടിയാലും രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനുള്ള ഈ അവസരം ഉപയോഗിക്കണം. ഈ ചുവടുവയ്പ് ദീർഘകാലത്തേക്കു ഗുണം ചെയ്യും’. മുഖ്യമന്ത്രിയാകട്ടെ ഒന്നും പറഞ്ഞില്ല.
പിന്നീട് 2021ൽ 9.72% പലിശയ്ക്ക് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2,150 കോടി രൂപയാണു കിഫ്ബി സമാഹരിച്ചത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘനം ആരോപിക്കുന്ന കിഫ്ബി മസാല ബോണ്ട് കേസിൽ മുൻമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന തെളിവെന്ന നിലയിൽ ഇ.ഡി. കണ്ടെത്തിയത് ഈ വിവരങ്ങളുള്ള മിനിറ്റ്സ് ആണെന്നാണു വിവരം.
ധനമന്ത്രി എന്ന നിലയിലെ ചുമതല മാത്രം: തോമസ് ഐസക്
തോമസ് ഐസക് നൽകുന്ന വിശദീകരണം: ‘കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെക്കുറിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും വൈസ് ചെയർമാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ വാക്കാൽ തെളിവുകൾ നൽകാൻ ഹാജരാകണമെന്നാണ് ഇ.ഡി. എനിക്കു തന്ന സമൻസിൽ ആവശ്യപ്പെട്ടത്. കിഫ്ബിയിലെ ഈ 2 പദവികളും ധനമന്ത്രി എന്ന നിലയിൽ വഹിച്ചതാണ്. ഈ പദവികൾക്ക് പ്രത്യേകമായ ഒരു അധികാരവും ഇല്ല. ബോർഡ് കൂട്ടായാണ് തീരുമാനം എടുക്കുന്നത്. അതിനാൽ മസാല ബോണ്ട് ഇറക്കുന്നതിൽ എനിക്കു വ്യക്തിപരമായി ഒരു റോളും ഇല്ലെന്നാണ് ഇ.ഡിക്കു നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയത്’.