പ്രസംഗത്തിനു പിന്നിൽ ഗവർണറുടെ കടുത്ത അതൃപ്തി
Mail This Article
തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം രണ്ടു മിനിറ്റിൽ താഴെ അവസാനിപ്പിച്ചത് സർക്കാരിനോടുള്ള കടുത്ത അതൃപ്തി മൂലം. പ്രസംഗം പൂർണമായി വായിക്കില്ലെന്ന് ദിവസങ്ങൾക്കു മുൻപു തന്നെ അദ്ദേഹം രാജ്ഭവൻ ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചിരുന്നു. ഗവർണർക്കെതിരെ സർക്കാർ തുടർച്ചയായി നടത്തുന്ന നീക്കങ്ങളാണ് പ്രധാന കാരണം. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ നടത്തുന്ന കരിങ്കൊടി പ്രതിഷേധം ഏതാനും ദിവസത്തേക്ക് നിർത്തിവച്ചിരുന്നു. എന്നാൽ നയപ്രഖ്യാപനത്തിന്റെ തലേന്ന് പാലക്കാട്ട് വീണ്ടും പ്രതിഷേധിച്ചത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു.
നയപ്രഖ്യാപനത്തിന്റെ കരടിൽ എന്താണുള്ളതെന്നു കാര്യമായി പരിശോധിക്കാൻ പോലും ഗവർണർ തുനിഞ്ഞില്ല. കരട് പ്രസംഗം രാജ്ഭവനിൽ എത്തിയ ഉടൻ അംഗീകരിച്ചു സർക്കാരിലേക്ക് തിരികെ അയയ്ക്കുകയായിരുന്നു. നയപ്രഖ്യാപനത്തിൽ എന്തുതന്നെ ഉണ്ടായാലും അതു താൻ വായിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന സൂചന അപ്പോൾ തന്നെ അദ്ദേഹം നൽകി. പ്രതിഷേധം ഉണ്ടെങ്കിൽ പോലും പ്രസംഗത്തിന്റെ കുറെ ഭാഗങ്ങളെങ്കിലും അദ്ദേഹം വായിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
ഗവർണറും സർക്കാരുമായുള്ള പോര് കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം രാജ്ഭവനിൽ ഗവർണർ നടത്തുന്ന ചായ സൽക്കാരത്തിൽ (അറ്റ് ഹോം) മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഇന്നു രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും പങ്കെടുക്കേണ്ടതാണ്.