ADVERTISEMENT

കോഴിക്കോട് ∙ അമ്മ ഊട്ടുന്നതും ഉറക്കുന്നതും കളിപ്പിക്കുന്നതും റീതിക്ക് ഓർമയുണ്ട്. അവസാന ഓർമയിൽ പക്ഷേ, വലിയ വഴക്കും അതിനു നടുവിൽ കരഞ്ഞു നിൽക്കുന്ന അമ്മയുമാണ്. അതിനു ശേഷം അമ്മ മീതയ്ക്ക് എന്തു സംഭവിച്ചു എന്നറിയാൻ 20 വർഷത്തിനു ശേഷം തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ കൊല്ലിടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുകയാണ് റീതി (23). ഒപ്പം തന്റെ രോഗാവസ്ഥയോടും പോരാടണം റീതിക്ക്.

കടലുണ്ടി സ്വദേശിയായ പിതാവ് തിരുച്ചിറപ്പള്ളിയിൽ ജോലി ചെയ്യുന്ന കാലത്താണ്, കൊല്ലിടം മാരുതി നഗറിലെ മീത (ശാന്തി) എന്ന തമിഴ് പെൺകുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തത്. റീതി ജനിച്ചതും 3 വയസ്സു വരെ ജീവിച്ചതും അവിടെയാണ്. മീത ഓടിപ്പോയി എന്നു പറഞ്ഞ് 3 വയസ്സുള്ള റീതിയെയും കൊണ്ടു പിതാവ് ഒരു ദിവസം കടലുണ്ടിയിലേക്കു മടങ്ങി. തുടർന്ന് 20 വയസ്സു വരെ പിതാവിന്റെ കുടുംബത്തോടൊപ്പം കടലുണ്ടിയിലായിരുന്നു. 2021 ൽ തിരുച്ചിറപ്പള്ളിയിലെ എൻജിനീയറിങ് കോളജിൽ ചേർന്നു. പിതാവിനൊപ്പം വീടെടുത്തു അവിടെത്തന്നെയായിരുന്നു താമസം. 

ഇലക്ട്രോണിക്സ് എൻജിനീയറിങ് രണ്ടാം വർഷ പഠനത്തിനിടെ പിതാവിന്റെ ക്രൂരമായ ഉപദ്രവം മൂലം ഹോസ്റ്റലിലേക്കു മാറി. ഇക്കാലത്താണ് അമ്മയെയും സമാന സാഹചര്യത്തിൽ നഷ്ടപ്പെട്ടതായിരിക്കുമോ എന്ന ചിന്തയിൽ റീതി അന്വേഷണമാരംഭിച്ചത്. കൊല്ലിടത്തെ ഉയർന്ന സാമ്പത്തിക സ്ഥിതിയിലുള്ള വീട്ടിലെ പെൺകുട്ടിയായിരുന്നു അമ്മയെന്നു കണ്ടെത്തി. 2 വർഷം ചെന്നൈ എയർപോർട്ടിൽ അവർ ജോലി ചെയ്തിരുന്നതായും വിവരം ലഭിച്ചു.

സാമ്പത്തികമായി സഹായിക്കുന്നതിൽനിന്നു പിതാവ് പിൻമാറിയതോടെ റീതിയുടെ പഠനവും അമ്മയ്ക്കായുള്ള അന്വേഷണവും നിലച്ചിരിക്കുകയാണിപ്പോൾ. ഇതോടെയാണു കൊല്ലിടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞു രക്തക്കുഴലുകളിൽനിന്നു രക്തം പുറത്തേക്കു വരുന്ന ഗുരുതര അസുഖമാണ് റീതിക്ക്. ദൈനംദിന ചെലവുകൾക്കു പോലും ബുദ്ധിമുട്ടുണ്ട്. ചികിത്സിക്കാനോ സഹായിക്കാനോ ആരുമില്ല. കൂട്ടുകാരും അവരുടെ കുടുംബങ്ങളുമാണ് ഇപ്പോൾ സംരക്ഷിക്കുന്നത്.

അമ്മയെ കണ്ടെത്തണം, രോഗം ചികിത്സിച്ചു മാറ്റണം, പാതിവഴിയിൽ നിലച്ചു പോയ പഠനം പുനരാരംഭിക്കണം... റീതിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. ലോകം തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഈ പെൺകുട്ടി.

English Summary:

Young woman Reethi in search for her mother, who was lost two decades ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com