ഇന്ത്യയുടെ മതനിരപേക്ഷതയും സഹിഷ്ണുതയും ലോകത്തിന് മാതൃക: പാത്രിയർക്കീസ് ബാവാ
Mail This Article
ബെംഗളൂരു ∙ ആഗോള സമൂഹത്തിന് ഇന്ത്യയുടെ മതനിരപേക്ഷതയും സഹവർത്തിത്വവും സഹിഷ്ണുതയും മാതൃകയാണെന്നും രാഷ്ട്രീയ, മത നേതാക്കൾ ഇതു കൂടുതൽ ഊഷ്മളമാക്കണമെന്നും പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പറഞ്ഞു. ലോകത്ത് വിവിധയിടങ്ങളിൽ യുദ്ധക്കെടുതി നേരിടുമ്പോൾ, സമാധാനം ഏറെയുള്ള ഇന്ത്യ കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും ആശീർവദിച്ചു.
യെലഹങ്കയിൽ സെന്റ് ബേസിൽ യാക്കോബായ പള്ളിയുടെ കൂദാശയും ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാലാം തവണ ഇന്ത്യയിലെത്തിയ പാത്രിയർക്കീസ് ബാവായ്ക്ക് വൻ വരവേൽപാണ് ബെംഗളൂരു വിമാനത്താവളത്തിൽ നൽകിയത്.
കർണാടകയുടെ അതിഥിയായാണ് അദ്ദേഹമെത്തിയത്. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, ബെംഗളൂരു–മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ ദിയസ്കോറസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 28നു ബാവാ കേരളത്തിലേക്കു തിരിക്കും.
ഡോ.കുര്യാക്കോസ് മാർ യൗസേബിയോസ്, പൗലോസ് മാർ ഐറേനിയസ്, മാത്യൂസ് മാർ തിമോത്തിയോസ്, ഗീവർഗീസ് മാർ സ്തേഫാനോസ്, പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിമാരായ മാർക്കോസ് മാർ ക്രിസ്റ്റഫോറസ്, കൗരി മാർ ഔഗേൻ, ബെംഗളൂരു ഭദ്രാസന സെക്രട്ടറി ഫാ.ജോൺ ഐപ്പ്, സിജു വർഗീസ് തുടങ്ങിയവരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.