ക്യാംപസ് രാഷ്ട്രീയ നിരോധനം: കോടതി വിശദീകരണം തേടി
Mail This Article
കൊച്ചി∙ സർക്കാർ കോളജുകളിൽ ഉൾപ്പെടെ ക്യാംപസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജിയിൽ സർക്കാരും സർവകലാശാലകളും ഉൾപ്പെടെ എതിർകക്ഷികളുടെ വിശദീകരണം ഹൈക്കോടതി തേടി. ക്യാംപസുകളിൽ സംഘടനാ യൂണിറ്റ് രൂപീകരിക്കുന്നതുൾപ്പെടെ രാഷ്ട്രീയപ്രവർത്തനം നടത്താൻ വിദ്യാർഥി സംഘടനകൾക്ക് അവകാശമില്ലെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
സർക്കാരിനും സർവകലാശാലകൾക്കും വേണ്ടി അഭിഭാഷകർ നോട്ടിസ് എടുത്തു. വിദ്യാർഥി സംഘടനകൾക്കു കോടതി അടിയന്തര നോട്ടിസ് പുറപ്പെടുവിച്ചു. വിദ്യാർഥി സംഘടനകളുടെ നിയമലംഘനങ്ങൾ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ നിരോധനം ഏർപ്പെടുത്തണമെന്ന കോടതിയുടെ മുൻ ഉത്തരവു നടപ്പാക്കണമെന്നാണു ഹർജിയിലെ ആവശ്യം. ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും അധികൃതർ പരാജയപ്പെട്ടതിനു തെളിവാണ് എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകവും സമീപകാലത്തുണ്ടായ അക്രമസംഭവങ്ങളുമെന്നു ഹർജിയിൽ പറയുന്നു.