കാലിക്കലവുമായി മഹിളാ കോൺഗ്രസിന്റെ നിയമസഭാ മാർച്ച്; സംഘർഷം
Mail This Article
തിരുവനന്തപുരം∙ വില വർധനയിൽ പ്രതിഷേധിച്ച് കാലിക്കലവുമായി മഹിള കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ നീക്കാൻ ശ്രമിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് 3 തവണ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. പ്രതിഷേധസൂചകമായി മൺകലം നിലത്തടിച്ച് പൊട്ടിച്ച പ്രവർത്തകർ കാലിക്കലങ്ങൾ പൊലീസിനു നേർക്കെറിഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പരുക്കേറ്റ എംപിയെ ഉൾപ്പെടെ ആശുപത്രിയിലേക്കു മാറ്റിയതിനു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
രാവിലെ 11.30നാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു പ്രകടനം ആരംഭിച്ചത്. വിലക്കയറ്റം, അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സംസ്ഥാനത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗായത്രി വി.നായർ, ബെറ്റി ടോജോ, ബബിതാ ജയൻ, മാരിയത്ത് ബീവി എന്നിവർക്കും പരുക്കേറ്റു. മാർച്ചിന് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആർ.ലക്ഷ്മി, വി.കെ.മിനിമോൾ, രജനി രമാനന്ദ്, യു.വഹീദ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എൽ.അനിത, ജയലക്ഷ്മി ദത്തൻ, ആർ.രശ്മി, ബിന്ദു ചന്ദ്രൻ, സംസ്ഥാന ട്രഷറർ പ്രേമ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.