‘എന്തും വിളിച്ചു പറയുന്ന സ്വഭാവം മാറ്റും; പ്യൂൺ ജോലി നോക്കാൻ വരെ തയാറായാണു ബിജെപിയിൽ എത്തിയത്’
Mail This Article
കോട്ടയം ∙ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരിക്കുമെന്നും എന്തും വിളിച്ചു പറയുന്ന സ്വഭാവം മാറ്റുമെന്നും പി.സി.ജോർജ്. താൻ ചെയർമാനായുള്ള കേരള ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയുമായി ലയിച്ച സാഹചര്യത്തിൽ പി.സി.ജോർജ് സംസാരിക്കുന്നു.
∙ ഭാവി പരിപാടികൾ?
പാർട്ടി നേതൃത്വം പറയുന്നത് അനുസരിച്ച് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി പ്രവർത്തിക്കും. നേരത്തേ എന്തും വിളിച്ചു പറയുന്ന സ്വഭാവമുണ്ടായിരുന്നു. ഇനി അതുണ്ടാവില്ല. പാർട്ടി നിലപാടുകൾക്ക് അനുസരിച്ച് മിതത്വം പാലിക്കും.
∙ പത്തനംതിട്ടയിൽ മത്സരിക്കുമോ?
ലയന ചർച്ചയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന സമിതി ഓഫിസിൽ പ്യൂൺ ജോലി നോക്കാൻ വരെ തയാറായാണു ബിജെപിയിൽ എത്തിയിരിക്കുന്നത്. പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല.
∙ പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ടോ ?
കഴിഞ്ഞ ഡിസംബറിൽ ചേർന്ന ജനപക്ഷം യോഗത്തിൽ ബിജെപിയുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ലയിക്കണമെന്ന് ഒരു വിഭാഗവും വേണ്ടെന്നു മറ്റൊരു വിഭാഗവും വാദിച്ചു. തീരുമാനമെടുക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. തുടർന്നാണ് ലയിക്കാമെന്ന് എല്ലാവരും ചേർന്നു തീരുമാനമെടുത്തത്. പാർട്ടി ഒറ്റക്കെട്ടായാണു ലയിച്ചത്.
∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥിതി ?
5 ലോക്സഭാ മണ്ഡലങ്ങളിലെങ്കിലും ഇക്കുറി ബിജെപി ജയിക്കും. മറ്റു മണ്ഡലങ്ങളുമായി താരതമ്യം വരുമെന്നതിനാൽ അത് ഏതൊക്കെ എന്നു പറയുന്നില്ല.
∙ ബിജെപിയിൽ ചേർന്നത് എന്തുകൊണ്ട് ?
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ചേർന്നു പ്രവർത്തിച്ചാൽ മാത്രമാണു രക്ഷയുള്ളത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മറികടക്കാൻ ആരുമില്ല. കേരളത്തിലെ സാമ്പത്തിക രംഗം ആകെ തകർന്നു. ഇവിടുത്തെ റബർ, ഏലം അടക്കമുള്ള കർഷകർ ദുരിതത്തിലാണ്. കേരളം വിട്ട് യുവാക്കൾ പോകുകയാണ്. മോദിയെ ചീത്ത വിളിച്ചതു കൊണ്ടു കാര്യമില്ല. ശക്തിപ്പെടുത്തുകയാണു വേണ്ടത്.