രാജ്യസഭാ സീറ്റ് ചോദിച്ച് ജോണും ദേവരാജനും; യുഡിഎഫിൽ ആദ്യവട്ട ചർച്ചകൾ പൂർത്തിയായി
Mail This Article
തിരുവനന്തപുരം ∙ യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആദ്യവട്ട ചർച്ചകൾ പൂർത്തിയായി. സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായി കോൺഗ്രസ് നേതൃത്വം ഇന്നലെ സംസാരിച്ചു. ലോക്സഭാ സീറ്റ് ആവശ്യപ്പെടുന്നില്ലെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നു സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണും ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജനും വെവ്വേറെ ചർച്ചകളിൽ ആവശ്യപ്പെട്ടു.
ദേശീയ തലത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് ദേവരാജൻ ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ കേരളത്തിനു വേണ്ടി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാകുമെന്ന് ജോണും പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഉചിതമായ അവസരത്തിൽ ഈ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്നു കോൺഗ്രസ് മറുപടി നൽകി. ഇതോടെ യുഡിഎഫിലെ എല്ലാ പാർട്ടികളുമായും കോൺഗ്രസ് ആശയവിനിയമം നടത്തി. മുസ്‌ലിം ലീഗുമായും കേരള കോൺഗ്രസു(ജോസഫ്)മായും വീണ്ടും ചർച്ച നടത്തും. അഞ്ചാം തീയതി സീറ്റ് ധാരണ പ്രഖ്യാപിക്കും.