ഇലക്ട്രിക് ബസ് വഴി ഡീസൽ ചെലവ് കുറഞ്ഞെന്ന് ഗണേഷ്
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാന നഗരത്തിൽ ഇലക്ട്രിക് ബസുകൾ സർവീസ് തുടങ്ങിയതിലൂടെ ഡീസൽ ചെലവ് ഗണ്യമായി കുറയ്ക്കാനായെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. മുൻഗാമി ആന്റണി രാജുവിന്റെ ഇലക്ട്രിക് ബസ് പരീക്ഷണം നഷ്ടമാണെന്നു നേരത്തേ പരസ്യ നിലപാടെടുത്ത ഗണേഷ്കുമാറാണ് ഇലക്ട്രിക് ബസ് വഴി ഡീസൽ ചെലവ് കുറഞ്ഞെന്നു നിയമസഭയിൽ സമ്മതിച്ചത്.
ദിവസം 30 ലക്ഷം രൂപയുടെ ഡീസൽ ലാഭിക്കാനുള്ള നടപടികൾ കെഎസ്ആർടിസി തുടങ്ങിവച്ചതായി മന്ത്രി പറഞ്ഞു. രാത്രികാലങ്ങളിൽ ഉൾപ്രദേശങ്ങളിലേക്കു പോയശേഷം യാത്രക്കാരില്ലാതെ ബസ് തിരിച്ചുവരുന്നത് ഒഴിവാക്കാൻ ഇത്തരം ബസുകൾ സ്റ്റേ സർവീസുകളായി പുനഃക്രമീകരിക്കും. കിടക്ക, ഫാൻ, വൃത്തിയുള്ള ശൗചാലയം എന്നിവ തദ്ദേശസ്ഥാപനങ്ങളോ റസിഡൻസ് അസോസിയേഷനുകളോ നൽകണം. ഡീസൽ ബസുകൾക്കു മുൻഗണന നൽകാൻ തീരുമാനിച്ചോ, ഇലക്ട്രിക് ബസുകൾ നഷ്ടമാണോ തുടങ്ങിയ ചോദ്യങ്ങൾക്കു മന്ത്രി മറുപടി നൽകിയില്ല.