ADVERTISEMENT

തിരുവനന്തപുരം ∙ ക്ഷേമപെൻഷൻ മുടങ്ങിയിട്ട് 5 മാസം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളപരിഷ്കരണ കുടിശികയും ക്ഷാമബത്ത (ഡിഎ) കുടിശികയും കുന്നുകൂടി. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളിൽ പകുതി പോലും പൂർത്തിയാക്കാൻ സർക്കാരിന്റെ വരുമാനം തികയുന്നില്ല. സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ തീർത്തും മോശമാണ് സാമ്പത്തികനില. അടുത്ത വർഷം ഇതിനെക്കാൾ കഷ്ടമാകുമെന്നു കണക്കുനിരത്തി പറയുന്നതും സർക്കാർതന്നെ.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾക്ക് ബജറ്റിൽ മുൻതൂക്കം നൽകേണ്ടിവരും. ഒപ്പം വരുമാനത്തിൽ വൻ ഇടിവു പ്രതീക്ഷിക്കുന്നതിനാൽ നിലവിലെ വരുമാനനിരക്കുകൾ വർധിപ്പിക്കുകയും പുതിയ നികുതിസ്രോതസ്സുകൾ കണ്ടെത്തുകയും വേണം. തിങ്കളാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിനെപ്പറ്റിയുള്ള സൂചനകൾ ഇങ്ങനെ:

∙ ക്ഷേമപെൻഷൻ വർധന: ക്ഷേമപെൻഷൻ പടിപടിയായി 2,500 രൂപയാക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാനുള്ള നടപടികൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല. നിലവിലെ 1,600 രൂപയ്ക്കുമേൽ 100 രൂപയുടെ വർധന എൽഡിഎഫ് മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ തുക പോലും നൽകാൻ കഴിയാത്തപ്പോൾ എങ്ങനെ വർധിപ്പിക്കുമെന്നാണു ധനവകുപ്പിന്റെ നിലപാട്.

∙ കുടിശികയുടെ പങ്ക്: ആനുകൂല്യങ്ങൾ ഏറ്റവുമധികം മുടങ്ങിയ വിഭാഗമാണു സർക്കാർ ജീവനക്കാർ‌. ബജറ്റിൽ ജീവനക്കാർക്ക് ഒന്നോ രണ്ടോ ഗഡു ഡിഎ അനുവദിക്കുമെന്നുറപ്പാണ്. ശമ്പള – പെൻഷൻ പരിഷ്കരണ കുടിശികകളുടെ കാര്യത്തിലും അനുകൂല പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. 12–ാം ശമ്പളപരിഷ്കരണ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും ബജറ്റിൽ സൂചിപ്പിച്ചേക്കും.

∙ ഇരട്ട പെൻഷൻ നിയന്ത്രണം: സർവീസ് പെൻഷനിൽ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചനയുണ്ട്. പെൻഷൻ വാങ്ങുന്ന ദമ്പതികളിലൊരാൾ മരിച്ചാൽ പങ്കാളിക്കു കുടുംബ പെൻഷൻ നൽകുന്നത് ഇരട്ട പെൻഷനായാണു സർക്കാർ കാണുന്നത്. ഇതു നിർത്തലാക്കണമെന്ന ശുപാർശയുണ്ട്.

∙ റബറിന് 20 രൂപ കൂട്ടാം: റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതിനു കേന്ദ്രസഹായം വേണമെന്നാണു സർക്കാർ നിലപാട്. ബജറ്റിൽ 20 രൂപയെങ്കിലും വർധിപ്പിച്ചേക്കും.

∙ നവകേരള സദസ്സ്: നവകേരള സദസ്സിന്റെ ഭാഗമായി ഒട്ടേറെ നിർദേശങ്ങൾ മുഖ്യമന്ത്രി നേരിട്ടു സ്വീകരിച്ചിരുന്നു. ഇതിൽ പ്രായോഗികമായവ ബജറ്റിൽ പ്രഖ്യാപനങ്ങളായേക്കും.

∙ ഇനിയും സെസ്: സർക്കാർ സേവനങ്ങളുടെ നിരക്കുകളിൽ 10% വരെ വർധനയുണ്ടാകാം. ഇന്ധന, മദ്യ സെസ് മാതൃകയിൽ മറ്റു വരുമാന സ്രോതസ്സുകളിലും സെസ് ഏർപ്പെടുത്തുന്നത് ആലോചനയിലുണ്ട്. സംസ്ഥാന സർക്കാരിനു കീഴിലെ ടോൾ പിരിവ് കിഫ്ബി പദ്ധതികൾക്കെങ്കിലും പുനരാരംഭിക്കണമെന്ന നിർദേശമുണ്ട്.

∙ നികുതിവർധന: ഭൂനികുതിയിൽ വീണ്ടും വർധനയുണ്ടാകാം. എന്നാൽ, കെട്ടിടനികുതി വർധിപ്പിക്കില്ല. കാരണം, ഓരോ വർഷവും 5% വീതം വർധിപ്പിച്ച് 5 വർഷം കൊണ്ട് 25% വർധന നടപ്പാക്കുന്ന പ്രക്രിയ നിലവിലുണ്ട്.

∙ റിയൽ എസ്റ്റേറ്റ്: കെട്ടിടനിർമാണ പെർമിറ്റ് ഫീസിലെ വൻ വർധനയും ന്യായവില 20% കൂട്ടിയതും റിയൽ എസ്റ്റേറ്റ് മേഖലയെ തളർത്തി. പരിഹാരമെന്ന നിലയിൽ ഇൗ മേഖലയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചേക്കും.

∙ മാന്ദ്യം നേരിടാൻ പാക്കേജ്: കെട്ടിടനിർമാണ മേഖലയിലടക്കം മാന്ദ്യം പിടിമുറുക്കിയെന്ന വിലയിരുത്തലിലാണു സർക്കാർ. സിമന്റ് വിലയും ഇന്ധനവിൽപനയും കുറഞ്ഞത് ഇതിന്റെ ലക്ഷണങ്ങളായി കാണുന്നു. പരിഹാരമെന്ന നിലയിൽ ജനങ്ങളിലേക്കു കൂടുതൽ പണമെത്തിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചേക്കും.

∙ വിഴിഞ്ഞം പദ്ധതി: സംസ്ഥാന സർക്കാർ വിജയകരമായി പൂർത്തിയാക്കിയ ഏറ്റവും വലിയ പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തെ അവതരിപ്പിക്കും. വിഴിഞ്ഞം പദ്ധതി സൃഷ്ടിക്കുന്ന തൊഴിൽ, വികസനം തുടങ്ങിയവ ബജറ്റിൽ നേട്ടമായി വരും.

നികുതിവരുമാനം കൂട്ടണം; പെൻഷന് പരിധി വേണം: കെ.പി.കണ്ണൻ (മുൻ ഡയറക്ടർ, സെന്റർ ഫോർ‌ ഡവലപ്മെന്റ് സ്റ്റഡീസ്)

കേരളത്തിന്റെ പൊതുധനകാര്യസ്ഥിതി വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ധവളപത്രം മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ സർക്കാർ പുറത്തിറക്കണം. കഴിഞ്ഞ വർഷം (2022-23) ആഭ്യന്തര വരുമാനത്തിന്റെ ഓരോ 100 രൂപയ്ക്കും 8.4 രൂപ തനതു നികുതിവരുമാനമായി പിരിച്ചത് ഈ വർഷം (2023-24) 9.4 എന്ന അനുപാതത്തിലേക്ക് ഉയർത്തണം. അടുത്ത 2 വർഷത്തിനുള്ളിൽ അത് 11.5 എന്ന പഴയ അനുപാതത്തിൽ എത്തിക്കാനും ശ്രമിക്കണം. നികുതിവരുമാനം കൂട്ടി റവന്യു കമ്മി കുറയ്ക്കുകയാകണം സുപ്രധാന ലക്ഷ്യം.

ജിഎസ്ടി സ്രോതസ്സ് വെളിപ്പെടുത്തണം. ആകെ ജിഎസ്ടി വരുമാനത്തിന്റെ ഒരു ശതമാനത്തിലേറെ ലഭിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും പട്ടികയും വരുമാനവും വെളിപ്പെടുത്തണം. 11–ാം ശമ്പളപരിഷ്കരണ കമ്മിഷൻ നിർദേശിച്ചതുപോലെ 10 വർഷത്തിൽ ഒരിക്കലാകണം സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കേണ്ടത്.

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസ്സിൽനിന്നു 2 വർഷമെങ്കിലും കൂട്ടണം. പ്രഫഷനൽ തസ്തികകളിൽ 60 വയസ്സെങ്കിലുമാക്കണം. പെൻഷനു പരിധി നിശ്ചയിക്കണം. എംഎൽഎമാർക്കു നൽകുന്നതുപോലെ പ്രതിമാസ പെൻഷൻ 50,000 രൂപയിൽ കവിയരുത്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം 25ൽ നിന്ന് പതിനഞ്ചോ പത്തോ ആക്കി കുറയ്ക്കണം.

സംരംഭകരെ ആകർഷിക്കാം, ചെലവുകൾ നിയന്ത്രിക്കാം: കെ.എൻ.ഹരിലാൽ (ആസൂത്രണ ബോർഡ് മുൻ അംഗം)

കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന്റെ തനതു നികുതിവരുമാനത്തെയും കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. നികുതിവരുമാനത്തിലെ കുറവു പരിഹരിക്കാൻ വായ്പയെടുക്കാമെന്നു കരുതിയാൽ അതിനും തടസ്സമാണ്. വായ്പയെടുക്കാൻ ബദൽമാർഗമെന്ന നിലയിൽ കൊണ്ടുവന്ന കിഫ്ബിയുടെ കാര്യത്തിലും കേന്ദ്രം വിട്ടുവീഴ്ചയ്ക്കു തയാറല്ല. കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന കടവും ട്രഷറിയിലെ നിക്ഷേപങ്ങളും സംസ്ഥാനത്തിന്റെ കടമായിക്കണ്ട് സർക്കാരിന്റെ വായ്പപരിധി വെട്ടിക്കുറയ്ക്കുകയാണ്. ഇൗ സ്ഥിതി തുടർ‌ന്നാൽ സർക്കാർ ചെലവുകൾ പുനഃക്രമീകരിക്കണം. ഓരോ രൂപയും ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാൻ കർമപരിപാടി തയാറാക്കണം.

ഭവനനിർമാണം, സാമൂഹികസുരക്ഷാ പെൻഷൻ‌ എന്നിവയുടെ കാര്യത്തിൽ കേന്ദ്രവിഹിതം ലഭിക്കുന്ന ഗുണഭോക്താക്കളെ പ്രത്യേകമായി പ്രഖ്യാപിച്ച് ബ്രാൻഡിങ് പ്രശ്നം പരിഹരിക്കണം. പൊതുമേഖലാ ഐടി പാർക്കുകളുടെയും സ്വകാര്യ വ്യവസായ പാർക്കുകളുടെയും മാതൃകയിൽ സംരംഭകരെ ആകർഷിക്കാൻ കൂടുതൽ സൗകര്യങ്ങളൊരുക്കണം. ഇൗ സ്ഥാപനങ്ങൾക്കു കമ്പോളത്തിൽനിന്നു വായ്പ സ്വീകരിക്കാം. അതു സർക്കാരിന്റെ വായ്പപരിധിയെ ബാധിക്കുകയുമില്ല.

English Summary:

Kerala Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com