‘ഭാരത് മാതാ കീ ജയ്’ ഏറ്റുവിളിക്കാത്തവർ പുറത്തു പോകണമെന്നു മീനാക്ഷി ലേഖി
Mail This Article
കോഴിക്കോട്∙ കേന്ദ്ര സർക്കാരിനോടും ആർഎസ്എസിനോടും ആഭിമുഖ്യമുള്ള സംഘടനകൾ നടത്തിയ യുവജനദിനാഘോഷ സമ്മേളനത്തിൽ സദസ്സിലെ മുഴുവനാളുകളെയും നിർബന്ധിച്ചു ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ചു കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. സദസ്സിൽ പലരും ഏറ്റുവിളിക്കാതിരുന്നതോടെ എല്ലാവരും വിളിക്കാൻ തയാറാകുന്നതു വരെ ‘ഭാരത് മാതാ കീ ജയ്’ എന്ന് ആഹ്വാനം ചെയ്തു കൊണ്ടിരുന്നു. എല്ലാവരും കയ്യുയർത്തി തന്റെ വാക്കുകൾ ആവർത്തിക്കുന്നു എന്ന് ഉറപ്പാക്കിയ ശേഷമാണു മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഏറ്റുവിളിക്കാതിരുന്നവർ ഹാളിനു പുറത്തു പോകണമെന്നു മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
വിവേകാനന്ദ ജയന്തി ആഘോഷ സമാപനത്തിന്റെ ഭാഗമായി എൻവൈസിസി, നെഹ്റു യുവകേന്ദ്ര, ഖേലോ ഭാരത്, തപസ്യ എന്നിവ ചേർന്ന് സംഘടിപ്പിച്ച ‘എവെയ്ക്ക് യൂത്ത് ഫോർ നേഷൻ’ സമ്മേളനമായിരുന്നു വേദി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഹീറോ ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മീനാക്ഷി ലേഖി പറഞ്ഞു. ‘ഷാ ബാനു കേസുമായി ബന്ധപ്പെട്ടാണ് ആരിഫ് മുഹമ്മദ് ഖാൻ രാജീവ് ഗാന്ധി സർക്കാരിൽ നിന്നു രാജിവച്ചത്. ഷാ ബാനു കേസിൽ മുത്തലാഖ് നിർത്തലാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അന്നു ഞാൻ കോളജ് വിദ്യാർഥിയായിരുന്നു. മുതിർന്നപ്പോൾ, മുത്തലാഖ് നിർത്തലാക്കാൻ തീരുമാനമെടുത്ത സഭയിൽ അംഗമാകാൻ സാധിച്ചു’– അവർ പറഞ്ഞു.
സംഘപരിവാർ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ‘ഭാരത് മാതാ കീ ജയ്’ എന്നു വിളിക്കാത്തവർ പുറത്തു പോകണം എന്ന് ആക്രോശിച്ചത് പുതിയ ഇന്ത്യയുടെ വികൃത മുഖമാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി റഹ്മത്ത് നെല്ലൂളി അഭിപ്രായപ്പെട്ടു. കോഴിക്കോട് എൻഐടി യിൽ സംഘി വിരുദ്ധ പ്ലക്കാർഡ് പിടിച്ചതിന് ദലിത് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതിനെയും ഇതോടു ചേർത്ത് വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
∙ ‘ഭാരതം നിങ്ങളുടെ അമ്മയല്ലേ? അല്ലെങ്കിൽ ഹാൾ വിട്ട് പുറത്തു പോകണം.’ – കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി