പത്മ പുരസ്കാര നിർദേശം: കേരളത്തിന്റെ 19 പേരുകളിൽ പതിനെട്ടും കേന്ദ്രം തള്ളി
Mail This Article
തിരുവനന്തപുരം∙ പത്മ പുരസ്കാരങ്ങൾക്കായി കേരളം 19 പേരുകൾ നിർദേശിച്ചെങ്കിലും പതിനെട്ടും കേന്ദ്രസർക്കാർ തള്ളി. സാഹിത്യ വിദ്യാഭ്യാസ രംഗത്ത് കേരളം നിർദേശിച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ പേരു മാത്രം പരിഗണിക്കുകയും പത്മശ്രീ നൽകുകയും ചെയ്തു.
പത്മവിഭൂഷൺ പുരസ്കാരത്തിനായി എം.ടി.വാസുദേവൻ നായരുടെ പേരാണു നിർദേശിച്ചത്. പത്മഭൂഷണുവേണ്ടി മമ്മൂട്ടി, സംവിധായകൻ ഷാജി എൻ.കരുൺ, കായികതാരം പി.ആർ.ശ്രീജേഷ്, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവരെയും നിർദേശിച്ചു. ഒന്നും പരിഗണിക്കപ്പെട്ടില്ല.
കായിക രംഗത്തുനിന്ന് ഐ.എം.വിജയൻ, മാനുവൽ ഫ്രെഡറിക്, രഞ്ജിത് മഹേശ്വരി എന്നിവരെയും സാഹിത്യരംഗത്തു നിന്നു സി.രാധാകൃഷ്ണൻ, ടി.പത്മനാഭൻ, എം.കെ.സാനു, ബെന്യാമിൻ എന്നിവരെയും പത്മശ്രീക്കായി നിർദേശിച്ചിരുന്നു. ഫാ.ഡേവിസ് ചിറമ്മൽ, സി.നരേന്ദ്രൻ (മരണാനന്തരം), കെ.ജയകുമാർ, ഡോ.പോൾ പൂവത്തിങ്കൽ, നടരാജ കൃഷ്ണമൂർത്തി, സദനം കൃഷ്ണൻകുട്ടി നായർ എന്നിവരാണ് സാഹിത്യ വിദ്യാഭ്യാസ രംഗത്തു നിന്നു നിർദേശിക്കപ്പെട്ട മറ്റുള്ളവർ.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മ ബഹുമതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. മമ്മൂട്ടി, ശ്രീകുമാരൻ തമ്പി തുടങ്ങിയവരെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തുവന്നിരുന്നു.