ഗോഡ്സെ അഭിമാനമെന്ന് കമന്റ്: എൻഐടി അധ്യാപികയ്ക്കെതിരെ കേസ്
Mail This Article
ചാത്തമംഗലം (കോഴിക്കോട്) ∙ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് എഫ്ബി പോസ്റ്റിനു ചുവട്ടിൽ കമന്റിട്ട എൻഐടി അധ്യാപികയ്ക്കെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു. മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ.എ.ഷൈജയ്ക്കെതിരെയാണ് എസ്എഫ്ഐയുടെ പരാതിയിൽ കേസെടുത്തത്. കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചേർത്താണു കേസ്.
ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെക്കുറിച്ചുള്ള അഡ്വ.കൃഷ്ണരാജിന്റെ എഫ്ബി പോസ്റ്റിനു താഴെയാണ് ഷൈജ ആണ്ടവൻ എന്ന പ്രൊഫൈലിൽ നിന്നു ഡോ.ഷൈജ കമന്റിട്ടത്. ‘ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയെച്ചൊല്ലി അഭിമാനിക്കുന്നു’ എന്നായിരുന്നു ഇംഗ്ലിഷിലുള്ള കമന്റ്. വിവാദമായപ്പോൾ, കമന്റിൽ ഉറച്ചുനിൽക്കുന്നതായി ആദ്യം മാധ്യമങ്ങളോടു പറഞ്ഞെങ്കിലും ഇന്നലെ ഉച്ചയോടെ കമന്റ് ഡിലീറ്റ് ചെയ്തു. കമന്റിനെതിരെ എംഎസ്എഫും എസ്എഫ്ഐയും യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിരുന്നു.
രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന ഗോഡ്സെ പ്രകീർത്തിക്കുക വഴി രാജ്യദ്രോഹക്കുറ്റമാണ് ചെയ്തതെന്നും സമൂഹത്തിൽ ബോധപൂർവം സ്പർധ വളർത്തി കലാപം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ പറഞ്ഞു. കുന്നമംഗലം എസ്എച്ച്ഒയ്ക്ക് എംഎസ്എഫ് ജില്ലാ കമ്മിറ്റിയും പരാതി നൽകി. എസ്എഫ്ഐ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണു നിലവിലെ കേസ്. മറ്റു പരാതികൾ കൂടി പരിഗണിച്ച് തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി എൻഐടി അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്.
ഒഴിയാതെ വിവാദം
എൻഐടിയിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങിനെതിരെ പ്രതിഷേധിച്ച 2 മലയാളി വിദ്യാർഥികൾക്ക് ഉത്തരേന്ത്യൻ വിദ്യാർഥികളുടെ മർദനമേറ്റ സംഭവത്തിനു പിന്നാലെയാണു പുതിയ വിവാദം. മർദനമേറ്റ വിദ്യാർഥിയെ എൻഐടി അച്ചടക്ക സമിതി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതും വിവാദമായി.