വായിക്കാം, ബ്രിട്ടീഷ് കാലം മുതലുള്ള പാഠപുസ്തകങ്ങൾ
Mail This Article
തിരുവനന്തപുരം∙ ഓർമകളിൽ വിദ്യാലയ ഗൃഹാതുരതയുടെ സുഗന്ധം നിറയ്ക്കുന്ന ആ പഴയ പാഠപുസ്തകങ്ങൾ ഇനി ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും വീണ്ടെടുത്തു വായിക്കാം. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ പാഠപുസ്തകങ്ങളെല്ലാം എസ്‌സിഇആർടിയുടെ നേതൃത്വത്തിലാണ് ഡിജിറ്റൈസ് ചെയ്ത് ഓൺലൈനായി ലഭ്യമാക്കുന്നത്. https://textbooksarchives.scert.kerala.gov.in എന്ന വെബ്സൈറ്റ് വഴി ലോഗിൻ ചെയ്തു ഡൗൺ ലോഡ് ചെയ്യുകയും വായിക്കുകയും ചെയ്യാം. 1896ൽ കേരളത്തിലെ ബ്രിട്ടീഷ് ഭരണ കാലത്ത് വിദ്യാലയങ്ങളിൽ പഠിപ്പിച്ചിരുന്ന പാഠപുസ്തകങ്ങൾ മുതൽ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.
12–ാം ക്ലാസ് വരെയുള്ള 1258 പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. ഒരു ലക്ഷത്തിലേറെ പേജുകളാണ് ഡിജിറ്റലാക്കിയത്. പ്രവർത്തനം തുടരുകയാണ്. പാഠപുസ്തക ഡിജിറ്റൈസേഷനും എസ്‌സിഇആർടിയിലെ ഇ–ഓഫിസ് സംവിധാനവും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പഴയ പാഠപുസ്തകങ്ങൾ എല്ലാവർക്കും ലഭ്യമാകും എന്നതിനൊപ്പം വിദ്യാഭ്യാസ ഗവേഷകർക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ, രാജ്യാന്തര ജേണലുകളും ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ്‌സിഇആർടി ലൈബ്രറി സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണെന്നും അഭിപ്രായപ്പെട്ടു. എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ.കെ.ജയപ്രകാശ്, എസ്എസ്കെ പ്രോജക്ട് ഡയറക്ടർ ഡോ.എ.ആർ.സുപ്രിയ, കൈറ്റ്‌സ് സിഇഒ കെ.അൻവർ സാദത്ത്, സ്‌കോൾ കേരള വൈസ് ചെയർമാൻ പി.പ്രമോദ് എന്നിവർ പ്രസംഗിച്ചു.