മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒരു ജനറേറ്റർ കൂടി തകരാറിൽ
Mail This Article
മൂലമറ്റം ∙ മൂലമറ്റം വൈദ്യുതി നിലയത്തിലെ 3-ാം നമ്പർ ജനറേറ്ററും തകരാറിലായി. ജനറേറ്ററിന്റെ റോട്ടർ പോളിൽ ബന്ധിപ്പിക്കുന്ന ബാറിൽ തീപിടിച്ച് 2 പോളുകൾ കത്തിയതാണ് കാരണം. ഇതോടെ നിലയത്തിലെ 6 ജനറേറ്ററുകളിൽ 3 എണ്ണം തകരാറിലാണ്.
കഴിഞ്ഞ ഒന്നര മാസത്തിനുള്ളിലാണ് നിലയത്തിലെ 3 ജനറേറ്ററുകൾ തകരാറിലായത്. വേനൽ ശക്തമാകുന്നതോടെ മൂലമറ്റം നിലയത്തിൽ നിന്നു കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തീരുമാനമെടുക്കേണ്ട സമയത്താണ് ജനറേറ്ററുകൾ ഓരോന്നായി തകരാറിലാകുന്നത്.
ഒന്നാം നമ്പർ ജനറേറ്റർ മാർച്ച് അവസാനത്തോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനക്ഷമമാകുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. എന്നാൽ ഇത് പ്രവർത്തനക്ഷമമാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന. 10 ദിവസം മുൻപാണ് 6-ാം നമ്പർ ജനറേറ്റർ തകരാറിലായത്. ജലം പതിക്കുന്ന ഇൻടേക്ക് വാൽവിലെ ചോർച്ചയായിരുന്നു കാരണം. 2,4 ജനറേറ്ററുകളുടെ വാൽവിലും ചോർച്ച കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ മൂലമറ്റത്തെ 6 ജനറേറ്ററുകളിൽ 3 എണ്ണവും തകരാറിലായതോടെ വൈദ്യുതി ഉൽപാദനത്തിൽ 360 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്. 720 മെഗാവാട്ടാണ് നിലയത്തിന്റെ ആകെ ശേഷി.