പങ്കാളിത്ത പെൻഷന് പകരം നിയന്ത്രിത പെൻഷൻ?; പെൻഷനു പരിധി നിർണയിക്കുന്ന പദ്ധതി ആലോചനയിൽ
Mail This Article
തിരുവനന്തപുരം ∙ പങ്കാളിത്ത പെൻഷൻ പദ്ധതിക്കുപകരം സർക്കാർ പരിഗണിക്കുന്നതു നിയന്ത്രിത പെൻഷൻ പദ്ധതി. വിരമിക്കുന്നവർക്ക് ഒരു പരിധിയിൽ കൂടുതൽ തുക പെൻഷൻ കിട്ടുന്നത് ഒഴിവാക്കുകയും അതുവഴി ലാഭിക്കുന്ന തുക കുറഞ്ഞ പെൻഷൻ കിട്ടുന്നവർക്കു നൽകുകയും ചെയ്തു ഖജനാവിനുമേലുള്ള ഭാരം പരമാവധി കുറയ്ക്കുന്ന തരത്തിലെ പെൻഷൻ പദ്ധതിയാണു ധനവകുപ്പ് ആലോചിക്കുന്നത്. വിശദപഠനത്തിനു ശേഷമേ പുതിയ പെൻഷൻ പദ്ധതിയിലേക്കു നീങ്ങൂ.
അടുത്ത വർഷം തന്നെ നടപ്പാക്കാൻ കഴിയുമെന്ന ഉറപ്പും സർക്കാരിനില്ല. ജീവനക്കാർ പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച തുക മടക്കി വാങ്ങുകയാണ് ആദ്യകടമ്പ. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ ഫണ്ട് തിരികെനൽകാൻ വിസമ്മതിക്കുന്നതിനാൽ കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളേണ്ടി വരും. നിലവിൽ ഒന്നരലക്ഷം രൂപ വരെ പെൻഷൻ കൈപ്പറ്റുന്നവരുണ്ട്. ചിലർ കുടുംബപെൻഷൻകൂടി ചേർത്ത് 2 ലക്ഷം വരെ കൈപ്പറ്റുന്നു. അതിനാൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ചാലും പകരം പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി സർക്കാർ പുനഃസ്ഥാപിക്കില്ല. പകരം ഏറ്റവും കൂടിയ പെൻഷൻ പരമാവധി 50,000 രൂപയിലോ മറ്റോ നിലനിർത്തും. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി തുകയെങ്കിലും കുറഞ്ഞ പെൻഷനായി വാങ്ങുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
അവസാനം വാങ്ങുന്ന അടിസ്ഥാനശമ്പളത്തിന്റെ പകുതിതുക മാസംതോറും കിട്ടുന്ന പങ്കാളിത്ത പെൻഷൻ രീതിയാണ് ആന്ധ്രപ്രദേശ് നടപ്പാക്കിയത്. പങ്കാളിത്ത പെൻഷൻകാർക്ക് അവസാനശമ്പളത്തിന്റെ 25% വരെ മാത്രമേ ലഭിക്കാനിടയുള്ളൂ എന്ന് ആന്ധ്ര സർക്കാരിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. അടിസ്ഥാനശമ്പളത്തിന്റെ പകുതിതുക പെൻഷൻ കിട്ടത്തക്കവിധം ബാക്കി തുക സർക്കാർ നൽകാൻ തീരുമാനിച്ചു. ആന്ധ്ര മോഡൽ നടപ്പാക്കുന്നതിനൊപ്പം ഡിസിആർജിയും (ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി) എക്സ്ഗ്രേഷ്യ പെൻഷനും (സർവീസ് കുറവുള്ളവർക്കുള്ള സമാശ്വാസ പെൻഷൻ) അനുവദിക്കുകയും പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം 14% ആക്കുകയും ചെയ്താൽ കേരളത്തിലെ പങ്കാളിത്ത പെൻഷൻകാർക്കു നേട്ടമാകും. അഞ്ചേകാൽ ലക്ഷം ജീവനക്കാരിൽ ഒന്നരലക്ഷത്തോളം പേരാണു പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലുള്ളത്.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ
അവസാന 10 മാസത്തെ അടിസ്ഥാനശമ്പളത്തിന്റെ ശരാശരിയെ 2 കൊണ്ട് ഹരിക്കും. ഇൗ തുകയെ ആകെ സേവനവർഷങ്ങൾകൊണ്ടു ഗുണിച്ചശേഷം 30കൊണ്ട് ഹരിക്കും. ഇതാണു പ്രതിമാസ പെൻഷൻ. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളം തുക ലഭിക്കും. വർഷം 2 തവണ ക്ഷാമാശ്വാസവും ലഭിക്കും.
പങ്കാളിത്ത പെൻഷൻ
അടിസ്ഥാനശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% വീതം ജീവനക്കാരും സർക്കാരും പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കുന്നു. 60–ാം വയസ്സിൽ വിരമിക്കുമ്പോൾ 60% തുക പിൻവലിക്കാം. ബാക്കി 40% അക്കൗണ്ടിൽ നിലനിർത്തും. അതിൽനിന്നു പെൻഷൻ നൽകും.
ആന്ധ്ര മോഡൽ
പങ്കാളിത്ത പെൻഷൻ കുറവെങ്കിൽ ബാക്കിതുക സർക്കാർ നൽകും. വിലക്കയറ്റം നേരിടാൻ വർഷം 2 തവണ 5% ക്ഷാമാശ്വാസം നൽകും. പെൻഷന്റെ 60% കുടുംബപെൻഷനും 10,000 രൂപ മിനിമം പെൻഷനും ലഭിക്കുന്നെന്നും ഉറപ്പാക്കും.
ഡിഎയിൽ വരിക 2% വർധന
ഏപ്രിൽ മുതലുള്ള ശമ്പളത്തിലും പെൻഷനിലും സർക്കാർ ജീവനക്കാർക്കു വർധിക്കുക 2% ക്ഷാമബത്ത. നിലവിൽ 7% ക്ഷാമബത്തയാണ് ജീവനക്കാർക്കു ലഭിക്കുന്നത്. ഇനി അടിസ്ഥാനശമ്പളത്തിന്റെ 9% ക്ഷാമബത്ത ലഭിക്കും. 23,000 രൂപ അടിസ്ഥാനശമ്പളമുള്ള ഒരു ക്ലാസ് 4 ജീവനക്കാരനു ശമ്പളത്തിൽ 460 രൂപ വർധിക്കും. എന്നാൽ, 2021 ജനുവരി 1 മുതലുള്ള 3 വർഷത്തെ കുടിശിക എന്നു നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. പ്യൂൺ തസ്തികയിൽ ജോലി ചെയ്യുന്നവർക്കുപോലും 15,000 രൂപയോളം കുടിശിക ലഭിക്കേണ്ടതാണ്. എന്നാൽ, 5 ലക്ഷത്തോളം ജീവനക്കാർക്കു കുടിശിക നൽകാൻ സർക്കാരിന്റെ പക്കൽ പണമില്ല. പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനും ഇടയില്ല.
ക്ഷേമപെൻഷനില്ല; ഉറപ്പ് മാത്രം
പടിപടിയായി വർധിപ്പിച്ചു ക്ഷേമപെൻഷൻ തുക 2,500 രൂപയിൽ എത്തിക്കുമെന്നായിരുന്നു എൽഡിഎഫ് പ്രകടനപത്രികയിലെ ഉറപ്പ്. എന്നാൽ, രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം ബജറ്റും പെൻഷനിൽ ഒരു രൂപ പോലും വർധിപ്പിക്കാതെ കടന്നുപോയി. 5 മാസത്തെ പെൻഷനാണ് ഇപ്പോൾ കുടിശിക. ഇൗ മാസം അവസാനമാകുമ്പോൾ ആറാകും. അതിൽ 2 ഗഡു വിതരണം ചെയ്യുന്ന തീയതിയെങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചു; അതുമുണ്ടായില്ല. പകരം അടുത്തവർഷം പ്രതിമാസം കൃത്യമായി പെൻഷൻ നൽകുമെന്ന ഉറപ്പുമാത്രമാണു ലഭിച്ചത്. ഇതേ ഉറപ്പ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള ബജറ്റിൽ തോമസ് ഐസക് നൽകിയിരുന്നു. ഇതുവരെ പാലിച്ചിട്ടില്ല.