നൂതന സംരംഭകർക്ക് കേരളം സ്വർഗം: മുഖ്യമന്ത്രി
Mail This Article
കൊച്ചി ∙ കാലത്തിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ടു നൂതനാശയങ്ങളും സേവനങ്ങളും അവതരിപ്പിച്ചാൽ ഏതു സംരംഭകനും കേരളം സ്വർഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാക്കനാട് ഇൻഫോപാർക്കിൽ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ കൊച്ചി ക്യാംപസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ വ്യവസായം ചെയ്യാൻ കഴിയില്ലെന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥാപിത താൽപര്യക്കാർക്കുള്ള മറുപടിയാണ് ഐബി എസ് നൽകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
‘സാങ്കേതികവിദ്യയിൽ അധിഷ്ഠിത വ്യവസായങ്ങളിലും കേരളം വളരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണു സംസ്ഥാനത്തുനിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിയിലെ വർധന. ഐടിയിലും അനുബന്ധ മേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണു ലക്ഷ്യം.
ഇതിന് ഉത്തേജനം പകരാൻ കഴിയുന്ന വിധം കൊച്ചിയിൽ ടെക്നോളജി ഇന്നവേഷൻ സോണിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൂർണസജ്ജമാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷൻ സോൺ ആകുമത്. എയ്റോസ്പേസ് ഉൽപന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ കെ-സ്പേസ് പ്രവർത്തനം തുടങ്ങി – മുഖ്യമന്ത്രി പറഞ്ഞു.