ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി തീരുവ വർധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം പുരപ്പുറ സൗരോർജ പദ്ധതിക്കും വൈദ്യുതി ബോർഡിനും തിരിച്ചടിയാകും. ഇതു പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി, ധനമന്ത്രി കെ.എൻ.ബാലഗോപാലിനു കത്തു നൽകിയേക്കും. 

ബജറ്റിന്റെ പ്രത്യാഘാതം പഠിച്ച് അറിയിക്കാൻ വൈദ്യുതി ബോർഡിനോട് കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിക്കുന്ന മുറയ്ക്കായിരിക്കും ഇളവ് അനുവദിക്കണമെന്ന് അഭ്യർഥിക്കുക. തീരുവവർധന സൗരോർജ പദ്ധതികളെ ബാധിക്കില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ശരിയല്ല. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് യൂണിറ്റിന് 1.2 പൈസ തീരുവ ചുമത്തിയിരുന്നത് 15 പൈസയാകും. ഇത് സോളർ, വിൻഡ്, ചെറുകിട ജലവൈദ്യുത നിലയങ്ങൾ സ്ഥാപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇതിലൂടെ 24 കോടിയാണ് സർക്കാരിനു ലഭിക്കുക. 

വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള ലൈസൻസികൾ വിൽക്കുന്ന വൈദ്യുതിക്കു നൽകേണ്ട തീരുവ യൂണിറ്റിന് 6 പൈസയിൽ നിന്നു 10 ആക്കിയതിലൂടെ ബോർഡിന് 101.41 കോടി രൂപയുടെ ബാധ്യതയുണ്ടാകും. ഈ തുക ഉപയോക്താക്കളിൽ നിന്നു പിരിച്ചെടുക്കാൻ സാധിക്കില്ല. 

കേന്ദ്ര ബജറ്റിൽ സോളർ പദ്ധതികൾക്കു പ്രോത്സാഹനം നൽകുമ്പോഴാണ് കേരള ബജറ്റിൽ മറിച്ചുള്ള തീരുമാനം. കേരളത്തിൽ 2024-25-ൽ 1000 മെഗാവാട്ട് സൗരോർജ സ്ഥാപിത ശേഷിയാണ് ലക്ഷ്യമെന്നു ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. തീരുവ വർധിപ്പിക്കുകയും നെറ്റ് ബില്ലിങ് നടപ്പാക്കുകയും ചെയ്യുന്നതോടെ സോളർ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ താൽപര്യം കുറയും.

ബോർഡിന്റെ ചെലവിൽ ബജറ്റ് പ്രഖ്യാപനങ്ങൾ

ഊർജ രംഗത്തു ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും വൈദ്യുതി ബോർഡ് സ്വന്തം പണം കൊണ്ട് നടപ്പാക്കുന്നവയാണ്. ബജറ്റിൽ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും അവ നടപ്പാക്കും. ഈ സാഹചര്യത്തിൽ അവയ്ക്കു പണം അനുവദിച്ചു എന്ന ബജറ്റ് പ്രഖ്യാപനത്തെ തമാശയായി മാത്രമേ ഈ രംഗത്തുള്ളവർ കാണുന്നുള്ളൂ. 

English Summary:

Budget announcement of increase in power duty will be a setback for roof top solar power project and electricity board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com