ADVERTISEMENT

തിരുവനന്തപുരം ∙ 2 അപ്രതീക്ഷിത പ്രഖ്യാപനങ്ങളുമായി രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം ബജറ്റ്. പ്രഖ്യാപിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ പണമില്ലാത്തതിനാൽ സ്വകാര്യ മേഖലയെ പരമാവധി പദ്ധതികളിൽ സഹകരിപ്പിക്കുന്ന നയംമാറ്റമാണ് ആദ്യത്തേത്. പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിഷ്കരണം രണ്ടാമത്തേതും. 

സാമ്പത്തിക ഉദാരവൽക്കരണവും സ്വകാര്യ മൂലധനം സ്വരൂപണവും ലക്ഷ്യമിടുന്ന ബജറ്റിൽ അതിനുള്ള മാർഗങ്ങളായി ചൈനീസ് മോഡൽ സാമ്പത്തിക മേഖലകൾ, സ്വകാര്യ–വിദേശ സർവകലാശാലകൾ, സ്വകാര്യ വ്യക്തികളിൽനിന്നു സംഭാവന സ്വീകരിക്കൽ തുടങ്ങിയവ മന്ത്രി കെ.എൻ.ബാലഗോപാൽ മുന്നോട്ടുവച്ചു.

ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. എന്നാൽ, സർക്കാർ ജീവനക്കാരെ മെരുക്കാനുള്ള ശ്രമത്തിൽ മറ്റു മേഖലകളിലെ കുടിശിക വിതരണം മറന്നു. 5 മാസത്തെ ക്ഷേമ പെൻഷൻ, ശമ്പള പരിഷ്കരണം, പെൻഷൻ‌ പരിഷ്കരണം, യുജിസി ശമ്പളം തുടങ്ങിയവയുടെ കുടിശിക പ്രതീക്ഷിച്ചവരെ ബജറ്റ് നിരാശരാക്കി. പടിപടിയായി വർധിപ്പിച്ച് ക്ഷേമ പെൻഷൻ തുക 2,500 രൂപയിൽ എത്തിക്കുമെന്നായിരുന്നു എൽഡിഎഫ് പ്രകടനപത്രികയിലെ ഉറപ്പെങ്കിലും ഇത്തവണയും വർധനയൊന്നുമില്ല.  പകരം അടുത്ത വർഷം പ്രതിമാസം കൃത്യമായി പെൻഷൻ നൽകുമെന്ന ഉറപ്പു ബജറ്റിൽ നൽകി. 1600 രൂപയാണ് നിലവിൽ ക്ഷേമ പെൻഷൻ. വരുമാനം കൂട്ടാനുള്ള നിരക്കു വർധനകൾ സാധാരണക്കാരെ അധികം നോവിക്കാത്ത തരത്തിലാകാൻ ധനമന്ത്രി ബജറ്റിൽ പ്രത്യേകം ശ്രദ്ധിച്ചു.

മറ്റു പ്രഖ്യാപനങ്ങൾ‌

∙ അങ്കണവാടി ജീവനക്കാർക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്

∙ നവകേരള സദസ്സിൽ നിർദേശിച്ച പദ്ധതികൾക്കായി 1000 കോടി

∙ വൻകിട പദ്ധതികൾക്കായി 300.73 കോടി രൂപ

∙ കാസർകോട്, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി 5 നഴ്സിങ് കോളജുകൾ

∙ ഇന്ത്യൻ നിർമിത വിദേശമദ്യത്തിനു ലീറ്ററിനു 10 രൂപ വീതം ഗാലനേജ് ഫീ ചുമത്തും. മദ്യവില കൂടില്ലെന്നാണു സർക്കാർ വാദമെങ്കിലും ഭാവിയിൽ ഇതു കാരണം വില വർധിപ്പിക്കാം.

∙ സ്വയം വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ 1.2 പൈസയിൽനിന്നു 15 പൈസയാക്കി. സോളറിനു ബാധകമല്ല. വിൽക്കുന്ന ഓരോ യൂണിറ്റിനും കെഎസ്ഇബി സർക്കാരിനു നൽകേണ്ട ഡ്യൂട്ടി യൂണിറ്റിന് 6 പൈസയിൽനിന്നു 10 പൈസയാക്കി.

∙ ഭൂമിയുടെ ന്യായവില വർധിപ്പിക്കില്ലെങ്കിലും പരിഷ്കരിക്കും

∙ പാട്ടക്കരാറുകളുടെ ന്യായവില നോക്കി സ്റ്റാംപ് ഡ്യൂട്ടി

∙ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ‘മാർഗദീപം’ പ്രീമട്രിക് സ്കോളർഷിപ്

∙ ഭർത്താവില്ലാത്ത സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പദ്ധതി

∙ സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രവുമായി ചർച്ച തുടരും

∙ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കു വ്യക്തിഗത ഭൂനികുതി രസീത്

∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ നികുതി സീറ്റൊന്നിന് 1000 രൂപ വരെ കുറച്ചു

∙ പഴയ വാറ്റ് നികുതി കുടിശികയും സർക്കാർ ഭൂമിയുടെ പാട്ടക്കുടിശികയും പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

∙ കോട്ടയം വെള്ളൂരിലെ റബർ വ്യവസായ സമുച്ചയത്തിന് 9 കോടി

∙ മൃഗസംരക്ഷണ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതി

∙ തളിപ്പറമ്പ് മണ്ഡലത്തിലെ നാടുകാണിയിൽ സഫാരി പാർക്ക്

∙ കോഴിക്കോട് പെരുവണ്ണാമൂഴിയിൽ ടൈഗർ സഫാരി പാർക്ക്

∙ കുട്ടനാടിന്റെ വികസനത്തിനു 100 കോടി

∙ ഡിജിറ്റൽ സർവകലാശാലയ്ക്കു പ്രാദേശികമായി 3 കേന്ദ്രങ്ങൾ

∙ സംസ്ഥാനത്ത് 2000 വൈഫൈ സ്പോട്ടുകൾ കൂടി

∙ പുഴകളിലെ മണൽവാരൽ പുനരാരംഭിക്കും. ആദ്യം ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ

∙ 2025 നവംബറോടെ അതിദരിദ്രർ ഉണ്ടാകില്ല

∙ സർക്കാരിന്റെ ആക്രി വസ്തുക്കൾ‌ വിറ്റ് 200 കോടി സമാഹരിക്കും 

∙ ടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടു പലിശ കുറഞ്ഞ വായ്പ

∙ എല്ലാ ജില്ലകളിലും പൈതൃക, പുരാവസ്തു മ്യൂസിയങ്ങൾ സ്ഥാപിക്കും

∙ കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി കൂടി

∙ വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെയും വികസന ഇടനാഴിയുടെയും വികസനം ചൈന മോഡലിൽ

∙ ലൈഫ് പദ്ധതിയിൽ 2025ൽ ആകുമ്പോൾ 5 ലക്ഷം വീടുകളാകും.

∙ 5000 പട്ടികജാതി കുടുംബങ്ങൾക്ക് വീടിനു ഭൂമി വാങ്ങാൻ 170 കോടി

റബർ താങ്ങുവില 180

250 രൂപയിൽ എത്തിക്കുമെന്നു പ്രകടനപത്രികയിൽ പ്രഖ്യാപിച്ച റബറിന്റെ താങ്ങുവിലയിൽ വർധന 10 രൂപ മാത്രം. ഇതോടെ താങ്ങുവില 180 ആയി. 

പ്ലാൻ ബി എന്ത് ?

സംസ്ഥാനത്തെ ഞെരുക്കുന്ന തരത്തിലാണ് അടുത്ത വർഷവും കേന്ദ്ര സർക്കാരിന്റെ പോക്കെങ്കിൽ പകരം വരുമാനം കണ്ടെത്താൻ ‘പ്ലാൻ ബി’ മനസ്സിലുണ്ടെന്നു പറഞ്ഞ മന്ത്രി അതെന്തെന്നു പക്ഷേ, വെളിപ്പെടുത്തിയില്ല. കേരളം ഒരു സൂര്യോദയ സമ്പദ്‌ഘടനയായി മാറിക്കൊണ്ടിരിക്കുന്നെന്നും മന്ത്രി പറഞ്ഞു. 

English Summary:

Kerala Budget 2024 by KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com