മദ്യവില വരുമാനം ലീറ്ററിന് 10 രൂപ; ഒരു കുപ്പിയിൽ നിന്ന് മറ്റൊരു കുപ്പിയിലേക്ക്
Mail This Article
തിരുവനന്തപുരം ∙ ഇന്ത്യൻ നിർമിത വിദേശമദ്യത്തിനു ലീറ്ററിനു 10 രൂപ വീതം ബെവ്കോയിൽനിന്നു ഗാലനേജ് ഫീ ഈടാക്കുക വഴി 200 കോടി രൂപയുടെ വരുമാനമാണു സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ മദ്യവിലയിൽ മാറ്റം വരാത്തതിനാൽ ഇതു സർക്കാരിന് അധികവരുമാനമാകില്ല. ബെവ്കോയ്ക്കു ലഭിക്കുന്ന വരുമാനത്തിൽനിന്നാണു തുക കണ്ടെത്തേണ്ടിവരിക.
സർക്കാർ നിയന്ത്രണത്തിലുള്ള ബവ്കോ, അവരുടെ പ്രവർത്തനച്ചെലവും ലാഭ വിഹിതവുമെടുത്തശേഷം ബാക്കി വരുമാനം പൂർണമായി സർക്കാരിനു കൈമാറുകയാണ്. ആ നിലയ്ക്ക് ഒരു കുപ്പിയിൽനിന്നെടുത്തു മറ്റൊരു കുപ്പിയിൽ നിക്ഷേപിക്കുന്നുവെന്നല്ലാതെ ഗാലനേജ് ഫീ സർക്കാരിനു നേരിട്ടുള്ള വരുമാന മാർഗമാകില്ല. അതേസമയം, സർക്കാരിലേക്ക് ഈ തുക അടയ്ക്കാൻ മദ്യവിലയിൽ മാറ്റം വരുത്താൻ ബെവ്കോ തീരുമാനിച്ചാൽ അധികവരുമാനമാകും. ഇതിന്റെ ഭാരം ഉപയോക്താവിനുമേൽ വരികയും ചെയ്യും. എന്നാൽ, ഗാലനേജ് ഫീ ഏർപ്പെടുത്തുക വഴി മദ്യത്തിന്റെ വില കൂടില്ലെന്നാണു ബജറ്റ് അവതരണത്തിനുശേഷം മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതികരിച്ചത്.
അബ്കാരി നിയമപ്രകാരം 30 രൂപ വരെ സർക്കാരിനു വാങ്ങാം. ആദായനികുതി അടയ്ക്കേണ്ടി വരുമെന്നതിനാൽ, നാമമാത്രമായ ഗാലനേജ് ഫീ (ഒരു ലീറ്ററിന് അഞ്ചു പൈസ)യാണു ബെവ്കോ ഇപ്പോൾ നൽകുന്നത്. ശരാശരി 20 കോടി ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഒരു വർഷം ബെവ്കോ വിൽക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 200 കോടി വരുമാനം ലഭിക്കുമെന്നു മന്ത്രി പറയുന്നത്.
ഗാലൻ– ഗാലനേജ്
ബ്രിട്ടിഷ് ഭരണകാലത്തു നിലവിലുണ്ടായിരുന്ന അളവാണു ഗാലൻ എന്നതിനാലാണ്, ആ സമയത്തു രൂപീകരിക്കപ്പെട്ട അബ്കാരി നിയമത്തിൽ ഈ നികുതി ഇടംപിടിച്ചത്. ഒരു ഗാലൻ എന്നാൽ 3.785 ലീറ്ററാണ്. ഗാലൻ അളവ് അടിസ്ഥാനപ്പെടുത്തി നികുതി ഈടാക്കാൻ അബ്കാരി നിയമത്തിൽ നിർദേശമുണ്ട്. പേരു മാറിയില്ലെങ്കിലും ലീറ്റർ അളവ് അടിസ്ഥാനപ്പെടുത്തിയാണു കേരളത്തിൽ ഗാലനേജ് ഫീ വാങ്ങിപ്പോന്നത്.