ചർച്ച പൂർത്തിയായില്ലെന്ന് ലീഗ്; യുഡിഎഫ് സീറ്റ് വിഭജനം 14ന്
Mail This Article
തിരുവനന്തപുരം ∙ പാർട്ടിതല ചർച്ച പൂർത്തിയായില്ലെന്നു മുസ്‍ലിം ലീഗ് അറിയിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജന പ്രഖ്യാപനം നീട്ടിവച്ചു. 14നു ചേരുന്ന യുഡിഎഫ് യോഗം തീരുമാനം അന്തിമമാക്കും. ലീഗ് മൂന്നാമതൊരു സീറ്റ് ചോദിക്കുകയും തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ ഒന്ന് വിട്ടു കൊടുക്കുന്നതിലെ പ്രയാസം കോൺഗ്രസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. സീറ്റ് അർഹതപ്പെട്ടതാണെന്ന് അതിനു ശേഷവും ലീഗ് പരസ്യമായി പറഞ്ഞ സാഹചര്യത്തിലാണ് ഇന്നലെ യുഡിഎഫ് ചേർന്നത്.
മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിദേശത്ത് ആയിരുന്നതിനാൽ കോൺഗ്രസിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലുള്ള ചർച്ച പാർട്ടിക്കുള്ളിൽ നടന്നില്ലെന്ന് യോഗത്തെ ലീഗ് നേതൃത്വം അറിയിച്ചു. എങ്കിൽ അതിനു ശേഷം സീറ്റ് ധാരണ അന്തിമമാക്കാമെന്ന് കോൺഗ്രസും മറുപടി നൽകി. ആർഎസ്പിക്ക് കൊല്ലവും കേരള കോൺഗ്രസിന് (ജോസഫ്) കോട്ടയവും നൽകാൻ ധാരണയായെങ്കിലും 14 ലെ യോഗത്തിനു ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.
കോൺഗ്രസ് ഉപസമിതിയും 14ന് ചേരും
തിരുവനന്തപുരം ∙ സ്ഥാനാർഥി ചർച്ചയ്ക്കായി കോൺഗ്രസ് ഉപസമിതി യോഗവും 14നു ചേരും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവരാണു സമിതിയിൽ. ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലാണ് കോൺഗ്രസിന് സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത്. ബാക്കി സീറ്റുകളിൽ സിറ്റിങ് എംപിമാർ തന്നെ എന്നാണ് ധാരണ.