മലയാളത്തിൽ ആത്മകഥ സമ്മാനിച്ച് ഡോ.വിശ്വാസ് മേത്ത കേരളം വിടുന്നു
Mail This Article
തിരുവനന്തപുരം∙ മലയാളത്തിലെഴുതിയ ‘അതിജീവനം’ എന്ന ആത്മകഥ കേരളത്തിനു സമ്മാനിച്ച്, മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനു ശേഷം മുൻ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത സംസ്ഥാനം വിടുന്നു. 1986 ബാച്ചിലെ ഐഎഎസുകാരനാണ് രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത നിലവിൽ മുഖ്യ വിവരാവകാശ കമ്മിഷണറാണ്.
‘കേരളത്തിനു പുറത്ത് ഐഎഎസുകാർക്ക് ആളുകൾ വലിയ ബഹുമാനം നൽകും. ഇവിടെ അതില്ല. സാറൊരു മത്സരപ്പരീക്ഷയെഴുതി ജയിച്ച് ഐഎഎസുകാരനായി. എനിക്കതിനു കഴിഞ്ഞില്ല. ഇതാണു നമ്മൾ തമ്മിലുള്ള ഏക വ്യത്യാസമെന്നു മലയാളികൾ പറയും. ഉയർന്ന വിദ്യാഭ്യാസവും സ്വതന്ത്ര കാഴ്ചപ്പാടുകളുമാകാം ഈ ചിന്തയ്ക്കു പിന്നിൽ.’ – അദ്ദേഹം ചിരിക്കുന്നു. ഗായകൻ കൂടിയായ വിശ്വാസ് മേത്തയുടെ ഹിന്ദി സിനിമാ ഗാനാലാപനം പ്രശസ്തമാണ്.
ഗ്രാമത്തിൽ, ദരിദ്ര കുടുംബത്തിൽ വളർന്ന മേത്തയുടെ വിജയത്തിനു പിന്നിൽ 3 തലമുറയുടെ ത്യാഗമുണ്ട്. ചണ്ഡിഗഡിൽ അധ്യാപകനായി പിതാവിനു ജോലി കിട്ടിയതോടെയാണ് മേത്ത ഉൾപ്പെടെ 3 മക്കളുടെ വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങിയത്. ഉത്തരേന്ത്യൻ മട്ടിലുള്ള രാഷ്ട്രീയക്കാരെ പ്രതീക്ഷിച്ച തന്നെ തിരുത്തിയത് മന്ത്രിയായിരുന്ന കെ.എം.മാണിയാണെന്ന് മേത്ത ഓർമിക്കുന്നു. അമിതമായി സമ്മർദത്തിലാക്കാത്തവരും തീരുമാനങ്ങളെടുക്കാൻ ഉദ്യോഗസ്ഥരെ പരിധിവിട്ട് ആശ്രയിക്കാത്തവരുമാണ് കേരളത്തിലെ രാഷ്ട്രീയക്കാർ. കെ.കരുണാകരൻ മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാരുമായുള്ള ബന്ധം 300 പേജുള്ള പുസ്തകത്തിലുണ്ട്. 19ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ‘അതിജീവനം’ പ്രകാശനം ചെയ്യും.
തിരുവനന്തപുരത്ത് ഏറെ ഇഷ്ടപ്പെട്ടു നിർമിച്ച വീട് വിറ്റാണ് ഡൽഹിയിൽ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. ഋഷിരാജ് സിങ് ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ കേരളത്തിലുണ്ടെങ്കിലും ഉറ്റവരും ബന്ധുക്കളുമുള്ള നാട്ടിലേക്ക് ഭാര്യയുമൊത്തു മടങ്ങുകയാണ്. രണ്ടു മക്കൾ വിദേശത്തു ജോലിയിലാണ്. ഈ മാസമൊടുവിൽ മുഖ്യ വിവരാവകാശ കമ്മിഷണർ പദവിയിൽ നിന്നു വിരമിക്കും. മാർച്ച് 15 ന് കേരളം വിടും.