ADVERTISEMENT

കൊച്ചി ∙ അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യ അനില മേരി ഗീവർഗീസിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിൽ അഴിമതി ആരോപിച്ചുള്ള പരാതി തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം സ്വദേശി മണിമേഖല നൽകിയ റിവിഷൻ പെറ്റീഷനാണു ജസ്റ്റിസ് കെ.ബാബു തള്ളിയത്. മുൻ മന്ത്രി കെ.സി.ജോസഫ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ തമ്പാൻ തുടങ്ങിയവരും എതിർകക്ഷികളായിരുന്നു. 

വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റാണു ഹാജരാക്കിയതെന്ന് ഉൾപ്പെടെയായിരുന്നു ആരോപണം. തുടർന്നു പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് കോടതി നിർദേശം നൽകിയിരുന്നു. അനിലയ്ക്കെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്തു വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പരിഗണിച്ച വിജിലൻസ് കോടതി വസ്തുതകളില്ലെന്നു വിലയിരുത്തി പരാതി തള്ളി.

ചട്ടങ്ങൾ പാലിക്കാതെയാണു നിയമനമെന്നു ഹർജിയിൽ ആരോപിച്ചിരുന്നു. തസ്തികയിൽ നടപടികൾ ലംഘിച്ച് ഒരാളെ നിയമിച്ചെന്ന പേരിൽ നിയമനം നടത്തിയ ആൾക്കും നിയമനം ലഭിച്ച ആൾക്കും സത്യസന്ധമല്ലാത്ത ലക്ഷ്യമുണ്ടെന്ന് എല്ലായ്പ്പോഴും കരുതാനാവില്ലെന്നു കോടതി പറഞ്ഞു. വിജിലൻസ് കോടതിയുടെ ഉത്തരവിൽ നിയമാധികാരം സംബന്ധിച്ചു തെറ്റുപറ്റിയിട്ടില്ല. നിയമനത്തിന്റെ പ്രായപരിധി 40നും 50നും ഇടയിലാവണമെന്നിരിക്കെ മുപ്പത്തിനാലുകാരിയായ അനിലയ്ക്ക് നിയമനം നൽകി, ഭർത്താവിന്റെ ക്വാർട്ടേഴ്സിൽ താമസിച്ചു വന്ന കാലയളവിലെ വീട്ടു വാടക ബത്ത (എച്ച്ആർഎ) നൽകി, അനധികൃതമായി ശമ്പളവും ആനുകൂല്യങ്ങളും നൽകേണ്ടി വന്നതിലൂടെ സർക്കാർ ഖജനാവിന് നഷ്ടമുണ്ടായി തുടങ്ങിയ ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. 

ജീവനക്കാർ അവർക്കു വേണ്ടി ക്വാർട്ടേഴ്സ് ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ വീട്ടു വാടക ബത്ത തടയേണ്ടതുള്ളൂവെന്നും കോടതി വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട് ഉയർത്തിയ ആരോപണങ്ങൾ തെളിയിക്കാനാവാത്ത സാഹചര്യത്തിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്നു കോടതി പറഞ്ഞു.

English Summary:

Kerala High Court rejected the Petition against appointment of Anoop Jacob's wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com