കേരളത്തിന്റേത് അതിജീവന സമരം; സമരത്തിനിറക്കിയത് അവഗണനയും ധനഞെരുക്കവും: മുഖ്യമന്ത്രി
Mail This Article
ന്യൂഡൽഹി ∙ കേന്ദ്രത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനു രാഷ്ട്രീയ നിറം നൽകരുതെന്നും അവഗണനയുടെ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും ബദൽ മാർഗങ്ങൾ ഉയർത്തി അതിജീവനത്തിനു കേരളം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘അതിജീവനം പോലും പൊറുപ്പിക്കില്ല എന്ന വാശിയോടെ കേന്ദ്രം പ്രതികാര മനോഭാവം തുടരുന്നു. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ രാജ്യത്തിന്റെയാകെ ശ്രദ്ധയിൽ കൊണ്ടുവരാനും കേന്ദ്ര സർക്കാരിനെ ആവർത്തിച്ചു ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു മാർഗം സ്വീകരിക്കുന്നത്’ –മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.
തോറ്റു പിൻമാറുന്നതിനു പകരം അർഹതപ്പെട്ടതു നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. ‘ബിജെപി നേരിട്ടോ ബിജെപിയുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ള 17 സംസ്ഥാനങ്ങളോടുള്ള കേന്ദ്ര നിലപാടല്ല മറ്റു സംസ്ഥാനങ്ങളോട്. 17 ഇടത്തു ലാളനയും മറ്റിടത്തു പീഡനവും എന്നതാണു സമീപനം. കിഫ്ബി, സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയുടെ വായ്പകൾ എന്നിവയുടെയെല്ലാം പേരിൽ സംസ്ഥാനത്തിന്റെ വായ്പ പരിധിയിൽ വൻതോതിൽ വെട്ടിക്കുറവു വരുത്തി.’– മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഭരണഘടനാ വിരുദ്ധ സമീപനങ്ങൾ സൃഷ്ടിക്കുന്ന പണഞെരുക്കം സംസ്ഥാനത്തിന്റെ സാമൂഹികക്ഷേമ വികസന പ്രവർത്തനങ്ങൾക്കു വിലങ്ങുതടിയാണ്. ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി ഇതിനകം 17,104 കോടി രൂപ ചെലവിട്ടു. ഇതിൽ കേന്ദ്രം നൽകിയതു 2081 കോടി രൂപ മാത്രമാണ് (12.17%). ഭൂരിഭാഗം തുകയും നൽകുന്ന സംസ്ഥാന സർക്കാർ ഒരു ബ്രാൻഡിങ്ങിനും തയാറല്ല. വീട് ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നതാണു സംസ്ഥാന നിലപാട്. എന്നാൽ, ലൈഫ് പദ്ധതിക്കു കീഴിൽ നിർമിക്കുന്ന വീടുകളിൽ കേന്ദ്ര പദ്ധതിയുടെ ബോർഡ് വയ്ക്കണമെന്നും അല്ലെങ്കിൽ ചെറിയ വിഹിതം പോലും അനുവദിക്കില്ലെന്നുമാണു കേന്ദ്രധനമന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായ 600 കോടി രൂപയും ബ്രാൻഡിങ്ങിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുകയാണ്.
സംസ്ഥാനങ്ങൾ തമ്മിൽ പ്രതിശീർഷ വരുമാനത്തിലുൾപ്പെടെ വലിയ അന്തരം നിലനിൽക്കുന്നുണ്ട്. ജനസംഖ്യാവർധനയുടെ കാര്യത്തിലും ഇതുണ്ട്. വലിയ സാമ്പത്തിക ചെലവു സഹിച്ചു കേരളമടക്കം നേടിയ നേട്ടങ്ങൾ ഇന്നു നികുതി വിഹിതത്തിൽ തിരിച്ചടിക്കു കാരണമാകുന്ന ദുരവസ്ഥയാണ്. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരു പരാമർശിക്കുന്നത് പോലും പരിമിതമാകുന്ന ദുരവസ്ഥയിലേക്ക് അവഗണന വളർന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ എയിംസിന് ഒരു പരിഗണനയും കിട്ടിയിട്ടില്ല. സിൽവർ ലൈനിനു സമാനമായ പദ്ധതികളെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം കേരളത്തോടു മാത്രം കടുത്ത വിവേചനം കാട്ടുന്നു. കേന്ദ്ര ഇറക്കുമതി നയം കാരണം ഉൾപ്പെടെ ബുദ്ധിമുട്ടിലായ റബർ കർഷകരെ സഹായിക്കുന്ന ഒരു നടപടിയുമുണ്ടാകുന്നില്ല. ഇങ്ങനെ അവഗണനയും ധനഞെരുക്കവും കേരളത്തെ സമരപാതയിലിറങ്ങാൻ നിർബന്ധിതമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വ കാലത്തെ റസിഡന്റുമാരെപ്പോലെയാണു ഗവർണർമാർ പെരുമാറുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ബിജെപി വീണ്ടും വരാനുള്ള സാഹചര്യമില്ല: പിണറായി
രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവരും നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടുന്നുണ്ടെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്താനുള്ള സാഹചര്യമില്ലെന്നാണു കരുതേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവിക്കുള്ള അടിസ്ഥാന കാരണം കോൺഗ്രസ് കാട്ടിയ വിവേകമില്ലായ്മയാണ്. സംസ്ഥാനങ്ങളിലെ യാഥാർഥ്യം പരിഗണിച്ചു ഫലപ്രദമായ കൂട്ടുകെട്ടു നടപ്പാക്കിയാൽ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ കർണാടക സർക്കാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധം കേരളത്തിലെ കോൺഗ്രസുകാർക്കുള്ള മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.