ഡോ. വന്ദന ദാസ് വധക്കേസ്: പൊലീസിനും ഐഎംഎക്കും എതിരെ പിതാവ്
Mail This Article
കടുത്തുരുത്തി ∙ ആശുപത്രി സംരക്ഷണ ബിൽ പാസാക്കിയെടുക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) പൊലീസും ചേർന്നു തന്റെ മകളുടെ മരണം ഉറപ്പാക്കിയെന്ന ആരോപണവുമായി, കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ പിതാവ് മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസ്. വന്ദന ദാസിന്റെ കൊലപാതകത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന്റെ പിറ്റേന്നായിരുന്നു മോഹൻദാസിന്റെ പരസ്യ പ്രതികരണം.
‘സർക്കാരും പൊലീസും ഗൂഢാലോചന നടത്തി. സർക്കാരിനും പൊലീസിനും എന്തോ ഒളിക്കാനുണ്ട്. ഇതുമൂലമാണു സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നത്. ഡിവിഷൻ ബെഞ്ചിൽ രണ്ടു ദിവസത്തിനകം അപ്പീൽ നൽകും’ – മോഹൻദാസ് പറഞ്ഞു.
ഡോ. വന്ദന ദാസ് 2023 മേയ് 10നു പുലർച്ചെയാണു കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കുത്തേറ്റു മരിച്ചത്. വന്ദനയ്ക്ക് 21 തവണ കുത്തേറ്റിട്ടും പൊലീസ് പ്രതിയെ കീഴടക്കിയില്ലെന്നും വന്ദന ആവശ്യപ്പെട്ടിട്ടും പെട്ടെന്നു വേണ്ട ചികിത്സ നൽകിയില്ലെന്നും മോഹൻദാസ് ആരോപിച്ചു.
സമീപത്തെ ആശുപത്രിയിലെത്തിക്കാതെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആരാണു നിർദേശം നൽകിയതെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിന്റെ ഭീഷണി മൂലമാണു മകളുടെ കൂട്ടുകാരികളും സഹപ്രവർത്തകരും മൊഴിമാറ്റിയതെന്നും മോഹൻദാസ് ആരോപിച്ചു.