സിപിഎം, എൽഡിഎഫ് നയരേഖകളിൽ വിദേശ വാഴ്സിറ്റിക്ക് വ്യവസ്ഥയില്ല
Mail This Article
തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിനു പാർട്ടിയും എൽഡിഎഫും തയാറാക്കിയ നയമാർഗരേഖകളിൽ വിദേശ സർവകലാശാലയ്ക്കു വ്യവസ്ഥയില്ല. പാർട്ടിയോ മുന്നണിയോ നയപരമായ തീരുമാനം എടുക്കാത്ത കാര്യമാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. എൽഡിഎഫിനും സിപിഎമ്മിനും ഈ നടപടി പരിശോധിക്കേണ്ടി വരും.
2022 മാർച്ച് ഒന്നു മുതൽ നാലു വരെ എറണാകുളത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച ‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന രേഖയിലോ 2022 ഡിസംബർ ആറിന് എൽഡിഎഫ് ചർച്ച ചെയ്ത ‘കേരള വികസനത്തിനുളള എൽഡിഎഫ് കാഴ്ചപ്പാട്’ എന്ന രേഖയിലോ വിദേശ സർവകലാശാലയെപ്പറ്റി ഒരു പരാമർശവും ഇല്ല. വിദ്യാഭ്യാസമേഖലയിൽ സ്വകാര്യനിക്ഷേപത്തിന് വാതിൽ തുറന്നുകൊടുക്കണമെന്ന ആശയം രണ്ടു രേഖകളിലുമുണ്ട്. എൽഡിഎഫിലും പാർട്ടിയിലും നടന്ന ചർച്ചകളിൽ സ്വകാര്യ സർവകലാശാലകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്; വിദേശ സർവകലാശാലകളുടെ ക്യാംപസുകൾക്കല്ല. വിദേശ സർവകലാശാലകളുടെ കടന്നുവരവിന് വഴിയൊരുക്കുന്ന യുജിസി മാർഗരേഖയെ ശക്തമായി എതിർക്കുകയായിരുന്നു സിപിഎമ്മും പാർട്ടിയുടെ വിദ്യാർഥി–യുവജന സംഘടനകളും ഇതുവരെ. സിപിഎം പൊളിറ്റ്ബ്യൂറോ ആ എതിർപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.
യുജിസി നിർദേശം സ്വാഭാവികമായും സംസ്ഥാനം നടപ്പാക്കേണ്ടിവരുമല്ലോ എന്ന ന്യായീകരണമാണ് ചില സിപിഎം നേതാക്കളുടേത്. അങ്ങനെ നിർബന്ധിതമായി നടപ്പിലാക്കേണ്ട ഒരു കാര്യം നയമായി പക്ഷേ ബജറ്റിൽ പ്രഖ്യാപിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് മറുചോദ്യം.