ഡൽഹിയിൽ മുഴങ്ങി, കേരള പ്രതിഷേധം; കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുന്നുവെന്ന് പിണറായി
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ എൻഡിഎ ഇതര സർക്കാരുകൾ ഒറ്റക്കെട്ടായി പോരാടണമെന്ന ആഹ്വാനമുയർത്തി രാജ്യതലസ്ഥാനത്ത് കേരള സർക്കാരിന്റെ പ്രതിഷേധ സമരം. കേരള ഹൗസിനു സമീപമുള്ള ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു നേതൃനിരയ്ക്കൊപ്പം മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ (ഡൽഹി), ഭഗവന്ത് മാൻ (പഞ്ചാബ്), ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല, തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ തുടങ്ങിയവർ അണിനിരന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിഡിയോ സന്ദേശത്തിലൂടെ സമരത്തെ അഭിസംബോധന ചെയ്തു. മിസോറം മുഖ്യമന്ത്രി ലാൽഡുഹോമ സമരത്തിന് ആശംസകൾ നേർന്ന് സന്ദേശമയച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും അതിനെ അതിജീവിക്കാൻ ഒന്നിച്ചുനിന്നേ മതിയാകൂവെന്നും ഉദ്ഘാടന പ്രസംഗത്തിൽ പിണറായി ചൂണ്ടിക്കാട്ടി. ‘ഒരുമയെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ കൂടുതൽ യോജിപ്പോടെ പ്രവർത്തിക്കണം. നമുക്ക് അർഹതപ്പെട്ടതു നേടിയെടുക്കാൻ പോരാടണം. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കയ്യേറ്റങ്ങളെ ഒന്നിച്ചു നിന്നു കൈകാര്യം ചെയ്യണം. അധികാരം കയ്യടക്കാനുള്ള ഏകാധിപത്യ നീക്കങ്ങളുമായി ഏതറ്റം വരെയും കേന്ദ്രം പോകും.
സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള പ്രശ്നം എന്ന നിലയിൽ ചിത്രീകരിക്കുന്നത് അടിസ്ഥാനരഹിതമാണ്. ഫെഡറൽ ഘടന ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരായ ജനാധിപത്യപരമായ പോരാട്ടമാണിത്. സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ട ഞങ്ങൾക്കു നിശ്ശബ്ദരായിരിക്കാൻ സാധിക്കില്ല. സംസ്ഥാനങ്ങളുടെ കൂട്ടായ്മയായി രാജ്യം നിലനിൽക്കണം. സംസ്ഥാനങ്ങൾക്കു മേൽ കേന്ദ്രം എന്ന ഏകാധിപത്യ രീതിയിലേക്കു രാജ്യം മൂക്കുകുത്തി വീഴാൻ പാടില്ല. ജനാധിപത്യ സമരത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ ചേരുമെന്നാണു പ്രതീക്ഷ’ – മുഖ്യമന്ത്രി പറഞ്ഞു.