കേരളത്തിൽ ചാവേർ ആക്രമണത്തിന് ഗൂഢാലോചന: പാലക്കാട് സ്വദേശിക്ക് 10 വർഷം തടവ്
Mail This Article
കൊച്ചി∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ മാതൃകയിൽ കേരളത്തിലും ചാവേർ ആക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിനു (35) വിചാരണക്കോടതി 10 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റർ ചെയ്ത കേസിൽ ഭീകര സംഘടനയിൽ അംഗമായ കുറ്റത്തിനു 10 വർഷം കഠിനതടവും ഭീകരസംഘടനയെ പിന്തുണച്ചു പ്രവർത്തിച്ചതിനു 10 വർഷം കഠിനതടവും ഗൂഢാലോചനാക്കുറ്റത്തിനു 5 വർഷവും അടക്കം 25 വർഷം കഠിനതടവാണു കോടതി വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ചു 10 വർഷം അനുഭവിച്ചാൽ മതി.
Read Also: വൈദ്യുതി കണക്‌ഷൻ ഫീ: 85% വരെ വർധന; ഈ മാസം 8 മുതൽ പ്രാബല്യം
എൻഐഎ പ്രത്യേക കോടതി ജഡ്ജി മിനി എസ്.ദാസാണു പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി എസ്.ശ്രീനാഥ് ഹാജരായി. കേസിൽ റിയാസിന്റെ കൂട്ടുപ്രതികളായിരുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് എന്നിവരെ പ്രോസിക്യൂഷൻ മാപ്പുസാക്ഷിയാക്കിയിരുന്നു. കേസിൽ 2018 ലാണു റിയാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഐഎസിൽ ചേർക്കാനായി സിറിയയിലേക്കു കടത്തിയതായി കരുതുന്ന 14 കാസർകോട് സ്വദേശികളെ കുറിച്ചുള്ള എൻഐഎയുടെ അന്വേഷണമാണു റിയാസിലെത്തിയത്. 2016ലാണ് ഈ സംഭവം നടന്നത്.