ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി: 1100 കോടി കടലാസ് കമ്പനികളിലേക്ക് മാറ്റി; വായ്പകളിൽ തിരിച്ചടവില്ല
Mail This Article
കണ്ണൂർ ∙ ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തനപരിധിയുള്ള സഹകരണസംഘമായ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിനു രൂപയുടെ ദുരൂഹ ഇടപാടുകൾ ആദായനികുതി വകുപ്പ് കണ്ടെത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 120ൽ ഏറെ ഓഫിസുകളിലാണ് പരിശോധന നടന്നത്. 4 വർഷത്തിനിടെ 3800 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായും 1100 കോടി രൂപ കൊൽക്കത്തയിലെ ചില കടലാസ് കമ്പനികൾക്ക് (പേരിനു മാത്രമുള്ള കമ്പനികൾ) നൽകിയതായും കണ്ടെത്തി. പ്രമോട്ടർമാരുടെ സ്വന്തം കമ്പനികൾക്കും വൻതുക നൽകി. ഈ വായ്പകളിൽ തീരെ തിരിച്ചടവുണ്ടായിട്ടില്ല.
തൃശൂർ സ്വദേശിയായ പ്രമോട്ടർ സോജന്റെ കമ്പനിക്ക് 250 കോടി രൂപയും ഗുജറാത്ത് വഡോദര സ്വദേശിയായ രതിൻ ഗുപ്തയുടെ കമ്പനിക്ക് 800 കോടി രൂപയും വായ്പ നൽകി. രതിൻ ഗുപ്ത 2 സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കി. അജിത് വിനായക് എന്നയാൾക്ക് 250 കോടി രൂപയാണു സൊസൈറ്റിയിൽനിന്നു നൽകിയത്. ഇയാൾ 70 കോടി രൂപ സിനിമ നിർമാണത്തിനും 80 കോടി രൂപ ആഫ്രിക്കയിലേക്കു വാഹനങ്ങൾ കയറ്റുമതി ചെയ്യാനും 40 കോടി രൂപ സ്വത്തുക്കൾ വാങ്ങാനും ചെലവിട്ടതിന്റെ രേഖകൾ കണ്ടെത്തി. 50 കോടിയോളം രൂപ ഇയാൾ ഉയർന്ന പലിശയ്ക്കു വായ്പ നൽകി. രതിൻ ഗുപ്തയ്ക്കും അജിത് വിനായകിനും കേരള രാഷ്ട്രീയത്തിലെ ചില പ്രധാന നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
സൊസൈറ്റിയിൽ ബെനാമി ഇടപാടുകൾ ഉണ്ടോ എന്നാണു പ്രധാനമായും ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. കേരളത്തിലെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണു വൻ തുകകളുടെ കൈമാറ്റം നടന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. 3800 കോടി രൂപ നിക്ഷേപത്തിൽ അധികവും കേരളത്തിൽനിന്നാണ്. ഏജന്റുമാർക്ക് 2% കമ്മിഷനും നിക്ഷേപകർക്ക് 12.5% വരെ പലിശയും വാഗ്ദാനം ചെയ്താണു നിക്ഷേപം സ്വീകരിച്ചത്. 10 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്.