ബഹിരാകാശ രംഗത്തും ഇന്ത്യ ഇലക്ട്രിക് യുഗത്തിലേക്ക്; ഇലക്ട്രിക് പ്രൊപ്പൽഷൻ ത്രസ്റ്റർ വിജയകരമായി പരീക്ഷിച്ചു
Mail This Article
തിരുവനന്തപുരം∙ ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. ബഹിരാകാശ ദൗത്യങ്ങൾ കൂടുതൽ കാലം നിലനിർത്താനും ചെലവും ഉപഗ്രഹങ്ങളുടെ ഭാരവും കുറയ്ക്കാനും സഹായിക്കുന്ന ഇലക്ട്രിക് പ്രൊപ്പൽഷൻ ത്രസ്റ്റർ വികസിപ്പിച്ചെടുത്തു. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (എൽപിഎസ്‌സി) ആണ് ഹൈ ത്രസ്റ്റ് ഇലക്ട്രിക് പ്രൊപ്പൽഷൻ പ്രോജക്ടിന്റെ നേതൃത്വത്തിലാണ് സാങ്കേതികവിദ്യയും പ്രൊപ്പൽഷൻ സംവിധാനവും വികസിപ്പിച്ചെടുത്തത്. ഭാവിയിൽ സൗരയൂഥത്തിന് പുറത്തുള്ള ദൗത്യങ്ങൾക്കു പോലും ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയുടെ ആദ്യ പരീക്ഷണം ഏതാനും മാസങ്ങൾക്കുള്ളിൽ നടത്തും.
300 മില്ലി ന്യൂട്ടൻ ത്രസ്റ്റ് ശേഷിയുള്ള ഇലക്ട്രിക് പ്രൊപ്പൽഷൻ ത്രസ്റ്റർ വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. 5 കിലോവാട്ട് വൈദ്യുതിയാണ് ഇതിന് ആവശ്യം. ഇന്ത്യയിൽ ഇത്രയും ഉയർന്ന പവർ ത്രസ്റ്റർ നിർമിച്ചു വിജയിപ്പിക്കുന്നത് ആദ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷം പകുതിയോടെ പിഎസ്എൽവി റോക്കറ്റിൽ വിക്ഷേപിക്കുന്ന സാങ്കേതികവിദ്യ അവതരണ ഉപഗ്രഹത്തിൽ (ടിഡിഎസ്) ആകും ത്രസ്റ്റർ ആദ്യമായി ഉപയോഗിക്കുകയെന്ന് എൽപിഎസ്‌സി ഡയറക്ടർ ഡോ.വി.നാരായണൻ പറഞ്ഞു.