ADVERTISEMENT

രാജാ രവിവർമയും കെ.സി.എസ്.പണിക്കരും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും സ്വാധീനം ലഭിച്ച മലയാളി ചിത്രകാരനാണ് എ.രാമചന്ദ്രൻ. ആധുനിക ചിത്രകാരന്മാരിൽ എണ്ണപ്പെട്ട വ്യക്തിത്വം. ആർട് ഗാലറികളും മ്യൂസിയങ്ങളും രാമചന്ദ്രന്റെ ചിത്രങ്ങൾ തേടി നടന്നു. ചിത്രകലയോടുള്ള സമർപ്പണ മനോഭാവവും ചിത്രങ്ങൾ വിൽപന നടത്താനുള്ള മിടുക്കും രാമചന്ദ്രനുണ്ടായിരുന്നു.

ആദ്യകാലത്ത് പാശ്ചാത്യ ശൈലിയിൽ ചെയ്ത അദ്ദേഹത്തിന്റെ വർക്കുകളാണ് എന്നെ ഏറ്റവും ആകർഷിച്ചത്. പിന്നീട് ഇന്ത്യൻ ശൈലിയിലേക്ക് മാറി. താമര പോലുള്ള ഇമേജുകൾ ധാരാളമായി വരച്ചുതുടങ്ങിയത് ഈ കാലത്താണ്. പാശ്ചാത്യ സ്വാധീനം ഒഴിവാക്കാൻ മനഃപൂർവം അദ്ദേഹം വരുത്തിയ മാറ്റമാണിത്. 2 ശൈലികളും ഒരുപോലെ ആസ്വാദക ശ്രദ്ധ നേടി. പക്ഷേ, എനിക്കിഷ്ടപ്പെട്ടത് ആദ്യ കാലത്തെ സൃഷ്ടികളാണെന്ന് അദ്ദേഹത്തോട് നേരിൽ പറ‍ഞ്ഞിട്ടുണ്ട്. പഴയതിൽ പാശ്ചാത്യ സ്വാധീനം ഉള്ളതിനാൽ സ്വയം തൃപ്തി പോര എന്നായിരുന്നു രാമചന്ദ്രന്റെ മറുപടി. 

രാജാ രവിവർമയും കെ.സി.എസ്.പണിക്കരും രാമചന്ദ്രനും 3 രീതികളിലാണ് വരച്ചത്. രാജാ രവിവർമയുടെ ചിത്രങ്ങളിൽ ഇന്ത്യൻ, കേരള സ്വഭാവം ഉണ്ടായിരുന്നില്ല. പാശ്ചാത്യ ശൈലിയിൽ റിയലിസ്റ്റിക് ചിത്രങ്ങളായിരുന്നു കൂടുതലും. പക്ഷേ, സരസ്വതി, ലക്ഷ്മി, ദേവീദേവന്മാർ എന്നിവരുടെ ഇമേജുകളിലൂടെ ജനങ്ങൾക്കിടയിൽ അദ്ദേഹം ജനകീയനായി.

കെ.സി.എസ്.പണിക്കരും രാമചന്ദ്രനും ആദ്യം തുടങ്ങിയതും പാശ്ചാത്യ സ്വഭാവത്തിലാണ്. ഇരുവരും പിന്നീട് ഇന്ത്യൻ ശൈലിയിലേക്കു മാറി. പക്ഷേ, രാമചന്ദ്രന്റെ ഇമേജറീസ് ഏറെ വ്യത്യസ്തവും മറ്റാരും ചെയ്യാത്തതുമായിരുന്നു. ഇന്ത്യക്കാരന്റെ പെയിന്റിങ്ങിന് ഇന്ത്യൻ ഐഡന്റിറ്റി ആയിരിക്കണം എന്ന നിർബന്ധം രാമചന്ദ്രനുണ്ടായി. ചുവർച്ചിത്രകലയുടെ സ്വാധീനം ആദ്യകാലത്തേതൊഴികെയുള്ള രാമചന്ദ്രന്റെ സൃഷ്ടികളിൽ പ്രകടമാണ്. ആദ്യമൊക്കെ ചുരുങ്ങിയ നിറങ്ങളിലാണ് വരച്ചതെങ്കിൽ പിന്നീട് താമരച്ചിത്രങ്ങൾ വന്നതോടെ സ്വാഭാവിക നിറങ്ങളും വ്യാപകമായി ഉപയോഗിച്ചു. എണ്ണച്ചായവും ജലച്ചായവും ഒരുപോലെ ഉപയോഗിച്ചു. ആ ചിത്രങ്ങൾ ഇന്ത്യൻ ചിത്രകാരൻമാരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

കേരളത്തിൽ ഒരു പ്രദർശനം സംഘടിപ്പിക്കണമെന്ന് പലപ്പോഴും രാമചന്ദ്രനെ ഞാൻ നിർബന്ധിച്ചിരുന്നു. പക്ഷേ, ചിത്രങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നത് വലിയ ചെലവാണെന്നു പറ‍ഞ്ഞ് ഒഴിഞ്ഞുമാറി. അദ്ദേഹത്തിന് കേരളത്തിൽ വലിയ പേരെടുക്കണമെന്ന താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. പിക്കാസോ അടക്കം പേരു വായിക്കാതെ തന്നെ രചയിതാവിനെ തിരിച്ചറിയാവുന്ന ശ്രേണിയിൽപെട്ട കലാകാരനെയാണ് രാമചന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്.

English Summary:

Kanayi Kunhiraman remembers A Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com