ഊരാളുങ്കൽ കോർപറേറ്റുകൾക്ക് എതിരെയുള്ള ജനപക്ഷ ബദൽ: മുഖ്യമന്ത്രി
Mail This Article
വടകര∙ മൂലധന കേന്ദ്രീകരണത്തിനും അസമത്വത്തിനും ചൂഷണത്തിനും വഴി വയ്ക്കുന്ന കോർപറേറ്റുകൾക്ക് എതിരെ ഉള്ള മികച്ച ജനപക്ഷ ബദലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊരാളുങ്കൽ പോലെ ഒരു സഹകരണ സ്ഥാപനം വമ്പൻ കോർപറേറ്റുകളോടു മത്സരിച്ച് അതിജീവിക്കുന്നതിൽ അസഹിഷ്ണുത ഉള്ള കൊലകൊമ്പന്മാർ ഇവിടെ ഉണ്ട്. അവരുടെ സാമ്പത്തിക താൽപര്യങ്ങൾ വകവച്ചു കൊടുക്കുന്ന അധികാര കേന്ദ്രങ്ങളും ഉണ്ട്. സൊസൈറ്റിയെ പരാജയപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾ അറിഞ്ഞു മനസ്സു കൊണ്ടു പോലും നിരാശപ്പെടേണ്ടതില്ല. ഇതു ജനങ്ങളുടെ സംരംഭമാണ്. ജനശക്തി ഏതൊരു അധികാര ശക്തിക്കും താഴെ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരകൗശലം മുതൽ നിർമിത ബുദ്ധി മേഖലയിൽ വരെ തൊഴിൽ നൈപുണ്യം നേടാൻ യുവാക്കളെ പ്രാപ്തരാക്കുന്ന പ്രവർത്തനമാണ് ഊരാളുങ്കൽ സൊസൈറ്റി നടത്തുന്നത്. രാജ്യത്തിനുതന്നെ അഭിമാനമാണ് ഊരാളുങ്കൽ സൊസൈറ്റി. തൊഴിലാളികൾക്ക് ഉയർന്ന തോതിലുള്ള വേതനവും ക്ഷേമ പദ്ധതികളും ആവിഷ്കരിക്കുകയും ലാഭം ആരുടെയും കീശയിൽ പോകാതെ സമൂഹത്തിൽ പങ്കുവയ്ക്കുകയും ആണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു.