സമ്മർദം വന്നാൽ സമ്മതം: കെ.സുധാകരൻ
Mail This Article
കഴിഞ്ഞ 2 ലോക്സഭാ തിരഞ്ഞെടുപ്പിലും അരസമ്മതത്തോടെയാണു കെ.സുധാകരൻ കണ്ണൂരിൽ മത്സരിച്ചത്. ഒന്നിൽ തോറ്റപ്പോൾ, രണ്ടാമത്തേതിൽ ജയിച്ചു. ഇക്കുറി കാൽസമ്മതം മാത്രം– ഹൈക്കമാൻഡ് സമ്മർദം മുറുകിയാൽ മാത്രം മത്സരിക്കും. 2019 ൽ മത്സരിച്ചപ്പോൾ കെപിസിസിയുടെ 3 വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു. ഇപ്പോൾ ഒരേയൊരു കെപിസിസി പ്രസിഡന്റ്. സംസ്ഥാനം മുഴുവൻ ഓടിയെത്തണം. ആ തിരക്കാണു മത്സരരംഗത്തു നിന്നൊഴിവാകാനൊരു കാരണം. മത്സരിക്കണമെന്നു നിർബന്ധിച്ചാൽ 2 ചുമതലകളും ഒരുമിച്ചു നിർവഹിക്കാനുള്ള അനുമതി കൂടി ഹൈക്കമാൻഡ് നൽകേണ്ടിവരും.
കണ്ണൂരിൽ സിറ്റിങ് എംപിയായിരിക്കുമ്പോഴായിരുന്നു 2014 ലെ തിരഞ്ഞെടുപ്പ്. കാസർകോട്ട് മത്സരിക്കാനാണ് ആലോചിച്ചത്. സിറ്റിങ് എംപി മണ്ഡലം മാറുന്നതു 2 മണ്ഡലത്തിലെയും സാധ്യതയെ ബാധിക്കുമെന്നു മനസ്സിലായതോടെ കണ്ണൂർ വിടുന്നില്ലെന്നു പ്രഖ്യാപിച്ചു. സ്റ്റാർട്ടിങ് ട്രബിൾ തിരിച്ചടിയായി. പി.കെ.ശ്രീമതിയോടു തോറ്റു. 2019 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു തീരുമാനം.
‘സുധാകരനു പകരം ആര്’ എന്ന ചോദ്യത്തിനു ഹൈക്കമാൻഡിനും സുധാകരനും ഉത്തരമില്ലാതെ വന്നതോടെ തീരുമാനം മാറ്റേണ്ടിവന്നു. ശ്രീമതിയെത്തന്നെ തോൽപിച്ചു. ഇത്തവണ മത്സരിക്കാനില്ലെന്നു ഹൈക്കമാൻഡിനെ നേരിട്ടറിയിച്ചെങ്കിലും 2019 ലെ ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. പകരക്കാരുടെ പല പേരുകൾ അന്തരീക്ഷത്തിലുണ്ടെങ്കിലും അവർക്കെല്ലാം സുധാകരന്റെ തലപ്പൊക്കം തന്നെയാണു ബാധ്യത.