പ്രതിഷേധ രാജി: ആർജെഡി പിൻവാങ്ങി
Mail This Article
തിരുവനന്തപുരം∙ മന്ത്രിസ്ഥാനത്തിനു പുറമേ ലോക്സഭാ സീറ്റും നൽകാത്തതിൽ പ്രതിഷേധിച്ച് ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്നു രാഷ്ട്രീയ ജനതാദൾ (ആർജെഡി) പിൻമാറി. പാർട്ടി പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. കടുത്ത നടപടികളിലേക്കു നീങ്ങരുതെന്നും പാർട്ടിയുടെ ആവശ്യങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്താമെന്നും കൺവീനർ അറിയിച്ചു. തുടർന്നും ഇത്തരം അവഗണന ഉണ്ടാകരുതെന്ന് ശ്രേയാംസ് കുമാർ മുന്നണി കൺവീനറോട് പറഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ 20നു ചേരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുമെന്ന് സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് അറിയിച്ചു.
മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ വന്നപ്പോൾ ലോക്സഭാ സീറ്റിൽ പരിഗണിക്കാമെന്ന് മുന്നണി ഉറപ്പു നൽകിയിരുന്നു എന്നാണ് ആർജെഡി ഭാരവാഹികൾ പറയുന്നത്. ഇത്തരം വാഗ്ദാനം നൽകിയിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് ഇപ്പോഴത്തെ എൽഡിഎഫ് കൺവീനർ ആയിരിക്കണമെന്നില്ല എന്നായിരുന്നു ജയരാജന്റെ മറുപടി. ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഒരു ഭിന്നതയുമില്ല. എല്ലാ കക്ഷികളും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്.
സീറ്റ് വിഭജനം വരുമ്പോൾ പാർട്ടികൾക്കകത്ത് സമ്മർദങ്ങളുണ്ടാകും. എന്നാൽ തീരുമാനമെടുത്താൽ എല്ലാവരും അംഗീകരിക്കുന്നതാണ് മുന്നണി നിലപാട്. ഏറെക്കാലമായി എൽഡിഎഫിനൊപ്പമുള്ള കോവൂർ കുഞ്ഞുമോന്റെ പാർട്ടിക്കും മന്ത്രിസ്ഥാനമോ ലോക്സഭാ സീറ്റോ നൽകിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. എന്നാൽ കോവൂർ കുഞ്ഞുമോന്റെ പാർട്ടിയുമായി ആർജെഡിയെ ഉപമിച്ചതിനെതിരെ പാർട്ടി നേതാക്കൾ തന്നെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.