ഗൺമാൻ, സെക്യൂരിറ്റി ഓഫിസർ: ചുമതലകൾ വെളിപ്പെടുത്താതെ മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഗൺമാൻ, പഴ്സനൽ സെക്യൂരിറ്റി ഓഫിസർ എന്നിവരുടെ ചുമതലകൾ അതീവ രഹസ്യമായതിനാൽ വെളിപ്പെടുത്താൻ കഴിയില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇവരുടെ ചുമതലകൾ എന്തെന്നും ഇതു സംബന്ധിച്ച ഉത്തരവുകൾ എന്തെന്നും ഡോ.എം.കെ.മുനീർ, അൻവർ സാദത്ത് എന്നിവരാണു ചോദ്യമുന്നയിച്ചത്. അതീവ സുരക്ഷ (സെഡ് പ്ലസ്) ആവശ്യമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ കാര്യങ്ങളും സുരക്ഷ നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ ചുമതലകളും അതീവ രഹസ്യസ്വഭാവമുള്ളതായതിനാൽ വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു മറുപടി. ഗൺമാന്റെ കാര്യത്തിലും ഇതേ മറുപടി നൽകി.
2016 മുതൽ ഇതുവരെ മാധ്യമപ്രവർത്തകർക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കെ.കെ.രമ ചോദിച്ചെങ്കിലും വിവരം ശേഖരിച്ചുവരുന്നുവെന്നായിരുന്നു മറുപടി. ക്രിമിനൽ കേസുകളിൽ പ്രതികളായ എത്ര പൊലീസുകാർ സേനയിൽ ജോലി ചെയ്യുന്നുണ്ടെന്ന എം.വിൻസന്റിന്റെ ചോദ്യത്തിനും ‘വിവരം ശേഖരിച്ചുവരുന്നു’വെന്ന മറുപടി മാത്രം. അതേസമയം മറ്റൊരു ചോദ്യത്തിന്, നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചതിനു പ്രതിപക്ഷ സംഘടനകളിലെ 1491 പേരെ 349 കേസുകളിലായി അറസ്റ്റ് ചെയ്തെന്നു മുഖ്യമന്ത്രി ഉത്തരം നൽകി.