കാലാവസ്ഥാ വകുപ്പിനുമില്ല വിശ്വാസം, സ്വന്തം സ്റ്റേഷനിലെ കണക്കുകളിൽ
Mail This Article
കാസർകോട് ∙ പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ച ഓട്ടമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളിലെ കണക്കുകളിൽ വലിയ പിഴവുകൾ. വെബ്സൈറ്റിലൂടെ വിവരങ്ങൾ പൊതുജനത്തിന് ലഭ്യമാക്കുന്നുണ്ടെങ്കിലും വകുപ്പ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇതിലെ വിവരങ്ങൾ ഉപയോഗിക്കുന്നില്ല.
വയനാട് അമ്പലവയലിലെ കാലാവസ്ഥാ സ്റ്റേഷനിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 54 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 46.7 ഡിഗ്രി സെൽഷ്യസ് ! സംസ്ഥാനത്തെ 4 ജില്ലകളിൽ ഇന്നലെയും ഇന്നും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്ന പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസ്.
സംസ്ഥാനത്ത് ഇന്നലെയും ഇന്നും താപനില 3 മുതൽ 4 വരെ ഡിഗ്രി ഉയരാൻ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ കണ്ണൂരിൽ താപനില 38 ഡിഗ്രി വരെയും കോട്ടയം 37 ഡിഗ്രി, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില മേഖലകളിൽ 40 ഡിഗ്രിയിലേറെ താപനില പലപ്പോളും രേഖപ്പെടുത്തി.
പാലക്കാട് പറമ്പിക്കുളത്ത് ഇന്നലത്തെ കുറഞ്ഞ താപനില മൈനസ് 16 ഡിഗ്രി സെൽഷ്യസാണ്. കോട്ടയം വടവാതൂരിലെ കൂടിയ താപനില മൈനസ് 6.8 ഡിഗ്രി, കുറഞ്ഞ താപനില മൈനസ് 12.4 ഡിഗ്രി എന്നിങ്ങനെയാണ് ഓട്ടമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളിൽ കാണിക്കുന്നത്. മൺസൂണിനു മുൻപായി അറ്റകുറ്റപ്പണികൾ ചെയ്യുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്.