കോൺഗ്രസ്– ലീഗ് ധാരണയായില്ല; യുഡിഎഫ് സീറ്റ് വിഭജനം നീളും
Mail This Article
തിരുവനന്തപുരം ∙ യുഡിഎഫ് ലോക്സഭാ സ്ഥാനാർഥി സീറ്റ് വിഭജനം നീളും. കോൺഗ്രസ്–ലീഗ് ചർച്ച പൂർത്തിയാകാത്തതാണു കാരണം. മൂന്നാം സീറ്റ് ആവശ്യത്തിൽനിന്നു ലീഗ് പിൻവാങ്ങിയിട്ടില്ല. ബുധനാഴ്ച യുഡിഎഫ് യോഗം നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവച്ചു.
ബുധനാഴ്ച ഇവിടെ ചേർന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗം മൂന്നാം സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്നാണു തീരുമാനിച്ചത്. ആലപ്പുഴ ഒഴിച്ച് എല്ലാം യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ ആയതിനാൽ കയ്യിലുള്ള സീറ്റ് വിട്ടുകൊടുക്കുന്നതിന്റെ പരിമിതിയാണു കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണു നേതാക്കൾ പറയുന്നത്.
ജൂണിൽ ഒഴിവു വരുന്ന 3 രാജ്യസഭാ സീറ്റുകളിൽ യുഡിഎഫിനു ലഭിക്കുന്ന സീറ്റ് ഉറപ്പിച്ച് ലോക്സഭാ സീറ്റ് ആവശ്യത്തിൽ നിന്ന് ലീഗ് പിൻവാങ്ങിയേക്കുമെന്നു കരുതുന്നവരുണ്ട്. നേരത്തേ കേരള കോൺഗ്രസിന് (എം) യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റാണ് ഇത്. കേരള കോൺഗ്രസും (ജോസഫ്) ഇതിനായി ആവശ്യം ഉന്നയിച്ചേക്കും. കോൺഗ്രസിനും നോട്ടമുണ്ട്.