ചിത്തരഞ്ജനും സത്യപാലനും തിരികെ ജില്ലാ സെക്രട്ടേറിയറ്റിൽ
Mail This Article
ആലപ്പുഴ∙ വിഭാഗീയതയുടെ പേരിൽ തരംതാഴ്ത്തി എട്ടുമാസത്തിനകം പി.പി.ചിത്തരഞ്ജൻ എംഎൽഎയ്ക്കും എം.സത്യപാലനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പുനഃപ്രവേശം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണു തീരുമാനം അറിയിച്ചത്. വിഭാഗീയതയുടെ പേരിൽ പിരിച്ചുവിട്ട് പുനഃസംഘടിപ്പിച്ച ആലപ്പുഴ, ഹരിപ്പാട് ഏരിയ കമ്മിറ്റികളിലും അഴിച്ചുപണി നടത്തി പുതിയ സെക്രട്ടറിമാരെ നിയോഗിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ എല്ലാവരെയും യോജിപ്പിച്ചു നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ. അതിനൊപ്പം വിഭാഗീയതയ്ക്കെതിരെ സംസ്ഥാന സെക്രട്ടറി കർശനമായ താക്കീതും നൽകി. കഴിഞ്ഞ സമ്മേളനകാലത്തെ വിഭാഗീയതയുടെ പേരിലാണു ജൂണിൽ ചിത്തരഞ്ജനെയും സത്യപാലനെയും ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയത്.
ആലപ്പുഴയിലെ ലോക്സഭാ സ്ഥാനാർഥിയായി എ.എം.ആരിഫിനെ യോഗം അംഗീകരിച്ചു. 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മറ്റാരുടെയും പേരുകൾ ചർച്ചയ്ക്കു വന്നില്ലെന്നാണു വിവരം. ലോക്സഭാ മണ്ഡലം കമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്നു സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബുവിനെ മാറ്റി പകരം പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസറിനെ നിയോഗിച്ചു. കെഎസ്ഡിപി ചെയർമാൻ കൂടിയായ ചന്ദ്രബാബുവിനു തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പരിമിതി മൂലമാണു മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.