ADVERTISEMENT

കൽപറ്റ ∙ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചർ പോളിന്റെ മൃതദേഹവുമായി പുൽപള്ളിയിൽ ശനിയാഴ്ച നടത്തിയ ജനകീയ പ്രതിഷേധത്തിന്റെ പേരിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുൽപള്ളി സ്വദേശി വാസു, കുറിച്ചിപ്പറ്റ സ്വദേശി ഷിജു എന്നിവരാണ് അറസ്റ്റിലായത്. അക്രമസംഭവങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്ത 5 കേസുകളിലായി നൂറോളം പേർ പ്രതികളാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

വനംവകുപ്പിന്റെ ജീപ്പ് നശിപ്പിച്ചതിനും ജീവനക്കാരെ കയ്യേറ്റം ചെയ്തതിനും പൊലീസ് വാഹനം തടഞ്ഞ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോളിന്റെ മൃതദേഹം തടഞ്ഞുവച്ചതിനും ജനപ്രതിനിധികളെ കയ്യേറ്റം ചെയ്തതിനും മറ്റുമാണ് കേസെടുത്തിരിക്കുന്നത്. മറ്റു പ്രതികൾക്കായി സിസിടിവിയും ചാനൽ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വനംവകുപ്പിന്റെ ജീപ്പിന് 98,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പൊലീസ് കേസ് എടുത്തതിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യാക്കോബായ ഇടവകകളിൽ പ്രതിഷേധസംഗമം നടത്തി. താമരശ്ശേരി രൂപതയിലെ പള്ളികളിൽ റാലിയും പ്രതിഷേധ സംഗമവും നടന്നു.

വയനാട്ടിൽ മൂന്നിടത്ത് കടുവ

കൽപറ്റ ∙ വയനാട്ടിൽ വന്യമൃഗ ആക്രമണം തടയാൻ നടപടിയില്ലാത്തതിൽ ജനരോഷം രൂക്ഷമാകുന്നതിനിടെ, പുൽപള്ളി ആശ്രമക്കൊല്ലി ഐക്കരക്കുടിയിൽ പശുക്കിടാവിനെ കടുവ പിടിച്ചു. പുൽപള്ളി 56ൽ ബൈക്ക് യാത്രികൻ വാഴയിൽ അനീഷിന്റെ മുന്നിലേക്കു കടുവ ചാടിവീഴുകയും ചെയ്തു. ബൈക്കിൽനിന്നു വീണു പരുക്കേറ്റ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുൽപള്ളി സുരഭിക്കവലയിലും പരിസരത്തുമായി വനംവകുപ്പ് 3 കൂടുകൾ സ്ഥാപിച്ച് ആഴ്ചകളായിട്ടും കടുവയെ കൂട്ടിലാക്കാനായിട്ടില്ല. ബത്തേരി ഡോൺ ബോസ്കോ കോളജ് ഗേറ്റിനു മുന്നിൽ വിദ്യാർഥിനികൾ കടുവയെ കണ്ടു ഭയന്നോടി.

ഇന്നലെ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എംപി കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ലക്ഷ്മണൻ, അജീഷ്, പോൾ, തങ്കച്ചൻ, അവറാൻ, കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ് എന്നിവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു ജില്ലയിലെത്തും. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനാൽ വയനാട്ടിലെ കുറുവ, സൂചിപ്പാറ ഉൾപ്പെടെയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചു.

അജീഷിന്റെ കുടുംബത്തിന് കർണാടകയുടെ 15 ലക്ഷം

ബെംഗളൂരു∙ മാനന്തവാടയിൽ മോഴയാന ചവിട്ടിക്കൊന്ന ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ 15 ലക്ഷം രൂപ ധനസഹായം നൽകും. കർണാടക  പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട ആനയാണു ബേലൂർ മഖ്ന. കേരളത്തിൽനിന്നുള്ള ജനപ്രതിനിധികളുടെ അപേക്ഷയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരമാണു തീരുമാനമെന്നു വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചു.

പാലക്കാട്ട് 3 പശുക്കളെ പുലി പിടിച്ചു

പാലക്കാട് ∙ മലമ്പുഴയിൽ 2 പശുക്കളെയും ധോണിയിൽ പശുക്കുട്ടിയെയും പുലി പിടിച്ചു. ധോണിയിൽ ഇതേ വീട്ടിലെ നായയെയും മുൻപു പുലി പിടിച്ചിരുന്നു. ഡിഎഫ്ഒയും സംഘവും പുലിയെ പിടിക്കാൻ കൂടു സ്ഥാപിച്ചു. ധോണിയിൽ ഒരാടിനെയും പുലി പിടിച്ചതായി കരുതുന്നു. 

English Summary:

Two people arrested for protest carrying paul deadbody at Pulpally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com