ടി.പി. വധം: പിണറായിക്ക് എതിരെ ആരോപണവുമായി സുധാകരൻ
Mail This Article
കൊച്ചി ∙ ടി.പി.ചന്ദ്രശേഖരൻ വധത്തിനു പിന്നിലെ അവസാന വാക്ക് അന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ആകാനാണു സാധ്യതയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ടി.പി വധക്കേസിൽ അകത്താകേണ്ടവർ ഇനിയുമുണ്ടെന്നും ടി.പി വധത്തിനു പിന്നിലെ ഉന്നത ശക്തിയെ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ജില്ലകളിലെ പാർട്ടി ക്രിമിനലുകളാണു കൊലപാതകത്തിൽ പങ്കെടുത്തത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെ അതു നടക്കില്ല. കണ്ണൂർ ജില്ലയിൽ നിന്നു കൊലപാതകികൾ കോഴിക്കോട് ജില്ലയിലെത്തി കൃത്യം നടത്തണമെങ്കിൽ സിപിഎം സംസ്ഥാന നേതൃത്വം അറിയാതിരിക്കില്ലെന്ന് സുധാകരൻ പറഞ്ഞു.
ടി.പി.ചന്ദ്രശേഖരനെ സിപിഎമ്മുകാരാണു കൊന്നതെന്നും കുഞ്ഞനന്തൻ ഉൾപ്പെടെയുള്ള നേതാക്കൾ ഗൂഢാലോചന നടത്തിയാണു ടി.പിയെ കൊലപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.