ലീഗിന് മൂന്നാം സീറ്റ്, രാജ്യസഭ; 2 ദിവസത്തിനകം ചർച്ച
Mail This Article
തിരുവനന്തപുരം∙ മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് അവകാശവാദത്തിൽ കെപിസിസിയുടെ സമരാഗ്നി ജാഥയ്ക്കിടെ അനൗദ്യോഗിക ചർച്ച. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണു ചർച്ച നടത്തിയത്. ലോക്സഭയിലേക്കു മൂന്നാം സീറ്റ് അല്ലെങ്കിൽ രാജ്യസഭാ സീറ്റ് എന്ന ആവശ്യം ലീഗ് ശക്തമായി മുന്നോട്ടുവച്ചു. അവകാശവാദം തള്ളിയില്ലെങ്കിലും ധർമസങ്കടത്തിലാക്കുന്ന സാഹചര്യം കോൺഗ്രസ് വിശദീകരിച്ചു. ഔദ്യോഗികമായ രണ്ടാംഘട്ട ചർച്ച രണ്ടു ദിവസത്തിനകം ഓൺലൈനായി നടന്നേക്കും. അതിനുമുൻപ് ഇരു പാർട്ടികൾക്കും പരുക്കില്ലാത്ത ഫോർമുല കണ്ടെത്താനാണു ശ്രമം.
കൊടുക്കാൻ പറ്റിയ സീറ്റില്ലെന്നതാണു കോൺഗ്രസിന്റെ പ്രശ്നം. സാമുദായിക പ്രാതിനിധ്യം നോക്കിയാൽ രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും തടസ്സമുണ്ടെന്നാണ് കോൺഗ്രസിലെ ചർച്ച. അഞ്ചാം മന്ത്രിസ്ഥാനം പോലെ വിവാദമുണ്ടാക്കി ലോക്സഭാ സീറ്റ് നേടാൻ ലീഗിനു താൽപര്യമില്ല. എന്നാൽ, പാർട്ടിയുടെ ശക്തിക്ക് അനുസരിച്ചുള്ള പരിഗണന വേണമെന്ന ആവശ്യം, ഉറപ്പൊന്നുമില്ലാതെ ഉപേക്ഷിക്കാനുമാകില്ല. കാലങ്ങളായി 2 ലോക്സഭാ സീറ്റിൽ മത്സരിക്കുകയും 2004ൽ ഒഴികെ 2 സീറ്റിലും ജയിക്കുകയും ചെയ്ത ലീഗിന്, മൂന്നാം സീറ്റിനുള്ള അർഹതയെ മുന്നണിയിൽ ആരും ചോദ്യം ചെയ്യുന്നില്ല.
16 സീറ്റിലാണു കഴിഞ്ഞതവണ കോൺഗ്രസ് മത്സരിച്ചത്. 15 ജയിച്ചു. സിറ്റിങ് എംപിമാരെല്ലാം മത്സരിക്കട്ടെ എന്ന തീരുമാനം ഹൈക്കമാൻഡിൽനിന്നു വന്നാൽ 15 ഇടത്തും മാറ്റമുണ്ടാകില്ല.
മൂന്നാം സീറ്റിനു ലീഗ് സാധ്യത കാണുന്നതു 3 മണ്ഡലങ്ങളിലാണ് – വയനാട്, കണ്ണൂർ, ആലപ്പുഴ. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ വീണ്ടും മത്സരിക്കുമെന്ന സൂചന വന്നു കഴിഞ്ഞു. കണ്ണൂരിൽ മത്സരത്തിൽനിന്നു പിൻമാറാനുള്ള സന്നദ്ധത കെ.സുധാകരൻ അറിയിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാൻഡ് നിർദേശിച്ചാൽ മത്സരിച്ചേ പറ്റൂ. കെപിസിസി പ്രസിഡന്റിന്റെ സീറ്റ് കൈമാറുകയെന്നതു കോൺഗ്രസിനു പ്രയാസമാകും. ആലപ്പുഴ ലീഗിന്റെ ശക്തികേന്ദ്രമായി കരുതുന്ന മണ്ഡലവുമല്ല.
∙ രാജ്യസഭ: നിലവിൽ കോൺഗ്രസിന്റെ ജെബി മേത്തറും ലീഗിന്റെ പി.വി.അബ്ദുൽവഹാബുമാണു യുഡിഎഫിന്റെ രാജ്യസഭാംഗങ്ങൾ. ജൂലൈയിൽ ഒഴിവു വരുന്ന സീറ്റ് നൽകിയാൽ മുന്നണിയുടെ മൂന്നിൽ രണ്ടു സീറ്റും ലീഗിനാകും.