സർവകലാശാലകൾക്കുള്ള കേന്ദ്രപദ്ധതി: സമയത്ത് അപേക്ഷിച്ചില്ല; കേരളത്തിനു നഷ്ടമായത് ശതകോടികൾ !
Mail This Article
തിരുവനന്തപുരം ∙ പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ അനുസരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തമാക്കാൻ സർവകലാശാലകൾക്ക് 100 കോടി മുതൽ 200 കോടി രൂപ വരെ അനുവദിച്ചതിൽ കേരളത്തിൽനിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ല.
കേരളവും ബംഗാളും തമിഴ്നാടും യഥാസമയം അപേക്ഷിക്കാത്തതുകൊണ്ടാണു പരിഗണിക്കാത്തതെന്നാണ് കേന്ദ്ര നിലപാട്. കേരള സർവകലാശാല വിശദ റിപ്പോർട്ട് തയാറാക്കി സർക്കാരിനു നൽകിയെങ്കിലും അപേക്ഷിക്കേണ്ട കാലാവധി കഴിയുന്നതു വരെ അപ്‍ലോഡ് ചെയ്തില്ല. മുൻപ് യുജിസി ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനുള്ള 750 കോടിയുടെ കേന്ദ്ര സഹായവും സംസ്ഥാനം നഷ്ടപ്പെടുത്തിയിരുന്നു.
പദ്ധതിയിൽ 26 സംസ്ഥാനങ്ങൾ അപേക്ഷിച്ചു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്കും ഈ പദ്ധതി അനുസരിച്ച് 100 കോടി രൂപ വരെ ലഭിക്കാൻ അർഹതയുണ്ട്. അടിസ്ഥാന സൗകര്യം, അക്കാദമിക് കാര്യങ്ങൾ, ആധുനികവൽക്കരണം, അധ്യാപക നിയമനം തുടങ്ങി സർവകലാശാലകളെ ശക്തമാക്കുന്നതിന് അനുവദിക്കുന്ന ഈ തുക ഗ്രാന്റ് ആണ്.
ധനസഹായം ലഭിക്കുന്നതിന് കേരള സർക്കാർ കേന്ദ്രവുമായി ധാരണാപത്രം ഒപ്പു വയ്ക്കണം. സർവകലാശാലകൾ അവരുടെ മികവും ചെയ്യാൻ പോകുന്ന കാര്യങ്ങളും അടങ്ങുന്ന റിപ്പോർട്ട് തയാറാക്കി സർക്കാർ മുഖാന്തരം അപേക്ഷിക്കണം. ഈ നടപടികളെല്ലാം കേരള സർവകലാശാല പൂർത്തിയാക്കിയിരുന്നു. യഥാസമയം അപേക്ഷിക്കണമെന്നു കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും പല തവണ ആവശ്യപ്പെട്ടിരുന്നു.