ദേവികുളം തിരഞ്ഞെടുപ്പ് കേസ്: തീർപ്പ് നീളുന്നു
Mail This Article
ന്യൂഡൽഹി ∙ ദേവികുളം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കുള്ള സ്റ്റേ കാലാവധി കഴിഞ്ഞ് 6 മാസത്തിലേറെയായിട്ടും കേസിൽ തീർപ്പില്ല. അന്തിമവാദത്തിനായി കേസ് മാറ്റിയിരുന്നെങ്കിലും നീണ്ടുപോകുന്നതും സ്റ്റേ നീട്ടിക്കൊടുക്കാത്തതുമാണ് വിഷയം. കഴിഞ്ഞ 2 ദിവസങ്ങളിലും രാജയുടെ ഹർജി സുപ്രീം കോടതി ജഡ്ജിമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പരിഗണനയ്ക്കെത്തിയില്ല.
സ്റ്റേ നീട്ടണമെന്ന ആവശ്യം കഴിഞ്ഞ തവണ പരിഗണനയ്ക്ക് വന്നപ്പോൾ രാജയുടെ അഭിഭാഷകർ ഉന്നയിച്ചെങ്കിലും അടുത്ത തവണ പരിഗണിക്കാമെന്നാണ് ബെഞ്ച് അറിയിച്ചത്. കേസ് നീണ്ടുപോകുന്നതും വാദം കേൾക്കാൻ അപ്പീൽ ഹർജി നൽകിയ രാജയ്ക്കു തന്നെ താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി സ്റ്റേ ആവശ്യത്തെ എതിർകക്ഷിയും യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ഡി.കുമാറിന്റെ അഭിഭാഷകൻ അൽജോ കെ. ജോസഫ് എതിർത്തിരുന്നു.
2023 ഏപ്രിലിൽ 28ന് ആണ് ഉപാധികളോടെ സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും സഭയിലെ വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശമുണ്ടായിരിക്കില്ലെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്. ശമ്പളത്തിനോ, മറ്റ് ആനുകൂല്യങ്ങൾക്കോ അർഹതയുണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
2023 ജൂലൈ 27 വരെ ഇതു നീട്ടി നൽകിയതായി ഇടക്കാല ഉത്തരവുകളിൽ പറഞ്ഞെങ്കിലും പിന്നീടത് ഉണ്ടായില്ല. ഫലത്തിൽ, സ്റ്റേ നിലവിൽ ഇല്ലെന്നാണ് കുമാർ പറയുന്നത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.