ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ 23 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും മുസ്‍ലിം ലീഗും സിപിഐയും കരുത്തു തെളിയിച്ചപ്പോൾ, കോൺഗ്രസിനും ബിജെപിക്കും തിരിച്ചടി. 6 സിറ്റിങ് സീറ്റിൽ മത്സരിച്ച് ആറിലും വിജയിച്ച മുസ്‍ലിം ലീഗാണു യുഡിഎഫിനെ പരുക്കില്ലാതെ രക്ഷിച്ചത്. എൽഡിഎഫിനൊപ്പം സീറ്റ് നില (10–10) പിടിക്കാൻ യുഡിഎഫിനെ സഹായിച്ചതു ലീഗിന്റെ പ്രകടനമാണ്. 

7 സീറ്റുണ്ടായിരുന്ന കോൺഗ്രസ് നാലിൽ ഒതുങ്ങി. ഉപതിരഞ്ഞെടുപ്പിന്റെ ഫലമായി എറണാകുളം ജില്ലയിലെ നെടുമ്പാശേരി പഞ്ചായത്തിൽ എൽഡിഎഫിനു ഭരണം ലഭിച്ചപ്പോൾ, പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പഞ്ചായത്തിൽ അവർക്കു കേവല ഭൂരിപക്ഷം നഷ്ടമായി. കണ്ണൂരിലെ മട്ടന്നൂർ നഗരസഭയിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി ആദ്യമായി സാന്നിധ്യമറിയിച്ചു. ആലപ്പുഴ വെളിയനാട് പഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക് വാർഡ് സിപിഎമ്മിൽനിന്ന് ഒറ്റ വോട്ടിനു ബിജെപി പിടിച്ചെടുത്തത് എൽഡിഎഫിനു ഞെട്ടലായി.

കോൺഗ്രസിന്റെ 4 സീറ്റ് സിപിഎമ്മും ഒന്നു ബിജെപിയും പിടിച്ചെടുത്തപ്പോൾ, സിപിഎമ്മിന്റെയും സ്വതന്ത്രന്റെയും ഓരോ സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. സിപിഎം കോൺഗ്രസിൽനിന്നു നാലും ബിജെപിയിൽനിന്ന് ഒന്നും സീറ്റു പിടിച്ചു. സിപിഎമ്മിന്റെ ഓരോ സീറ്റ് കോൺഗ്രസും ബിജെപിയും നേടി.  ബിജെപിയുടെ സിറ്റിങ് സീറ്റിൽ രണ്ടെണ്ണം സിപിഐയും ഒന്നു സിപിഎമ്മുമാണു പിടിച്ചെടുത്തത്. സിപിഎമ്മിൽനിന്നും കോൺഗ്രസിൽനിന്നും ഓരോ സീറ്റ് വീതം ബിജെപി നേടി.

ഡിസംബറിൽ 33 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു വലിയ മുന്നേറ്റമുണ്ടായിരുന്നു. യുഡിഎഫ് 17, എൽഡിഎഫ് 10, ബിജെപി 4, എസ്ഡിപിഐ 1, ആം ആദ്മി പാർട്ടി 1 എന്നിങ്ങനെയായിരുന്നു വിജയം. 12ൽനിന്നാണ് അന്നു യുഡിഎഫ് സീറ്റ് നില 17 ആയി ഉയർത്തിയത്. എൽഡിഎഫ് 12ൽനിന്നു 10 ആയും ബിജെപി ആറിൽനിന്നു നാലായും കുറഞ്ഞിരുന്നു. രണ്ടു മാസത്തിനുശേഷമാണു യുഡിഎഫ് പിന്നോട്ടുപോയതും എൽഡിഎഫ് നില മെച്ചപ്പെടുത്തിയതും.

ഉപതിരഞ്ഞെടുപ്പിൽ പാർട്ടികളുടെ പ്രകടനം

കോൺഗ്രസ്: സിറ്റിങ് സീറ്റ് 7, ജയിച്ചത് 4, നിലനിർത്തിയത് 2, പിടിച്ചെടുത്തത് 2, നഷ്ടമായത് 5

മുസ്‍ലിം ലീഗ്: സിറ്റിങ് സീറ്റ് 6, ജയിച്ചത് 6

സിപിഎം: സിറ്റിങ് സീറ്റ് 5, ജയിച്ചത് 8, നിലനിർത്തിയത് 3, പിടിച്ചെടുത്തത് 5, നഷ്ടമായത് 2

സിപിഐ: സിറ്റിങ് സീറ്റ് പൂജ്യം, ജയിച്ചത് 2

ബിജെപി: സിറ്റിങ് സീറ്റ് 4, ജയിച്ചത് 3, നിലനിർത്തിയത് 1, പിടിച്ചെടുത്തത് 2, നഷ്ടമായത് 3

English Summary:

Setback for Congress and BJP in Local by elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com