ശബരി റെയിലിന്റെ ചെലവ് പങ്കിടൽ:ഫയൽ സിഗ്നൽ കാത്ത് ധനവകുപ്പിൽ
Mail This Article
കൊച്ചി ∙ അങ്കമാലി–ശബരി റെയിൽ പദ്ധതിയുടെ ചെലവ് സംസ്ഥാന സർക്കാർ പങ്കിടുന്നതു സംബന്ധിച്ച ഫയലിനു ധനമന്ത്രിയുടെ ഓഫിസിൽ വിശ്രമം. ധനകാര്യ വകുപ്പിൽനിന്നു ഫയൽ നീങ്ങണമെങ്കിൽ ഇനി മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടേണ്ട സ്ഥിതിയാണ്. ശബരി റെയിൽ പദ്ധതിക്കായി 3800.93 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഒപ്പമാണു സംസ്ഥാന സർക്കാർ കത്തു നൽകേണ്ടത്.
ശബരി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന്റെ പകുതി തുക സംസ്ഥാനം വഹിക്കുമെന്ന ഉറപ്പ് രേഖാമൂലം നൽകണമെന്നാണു റെയിൽവേ അറിയിച്ചത്. ഇതിനുള്ള മറുപടിയാണു സംസ്ഥാന സർക്കാർ ഇനിയും നൽകാത്തത്.
ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് എൻജിനീയർ 2023 ഡിസംബർ 21ന് ആണ് സംസ്ഥാന ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതു സംബന്ധിച്ച കത്തയച്ചത്. ധനകാര്യ വകുപ്പ്, കിഫ്ബി വഴി കറങ്ങി ഈ മാസം ആദ്യം ഫയൽ വീണ്ടും ധനകാര്യ വകുപ്പിലെത്തി.
പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്ന കത്ത് കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി, കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ചിരുന്നു. ശബരി പദ്ധതി മരവിപ്പിച്ചിരിക്കുന്നതു റദ്ദാക്കണമെന്നും അന്നു ചൂണ്ടിക്കാട്ടി. പദ്ധതിക്കായി 2000 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുമെന്നു 2021–22ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ്. ഈ കേന്ദ്ര ബജറ്റിലും പദ്ധതിക്കായി 100 കോടി രൂപ അനുവദിച്ചെങ്കിലും അതു വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.