ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ്–മുസ്‍ലിം ലീഗ് യോഗത്തിൽ മൂന്നാം ലോക്സഭാ സീറ്റ് കേന്ദ്രീകരിച്ചുള്ള ചർച്ച, രാജ്യസഭാ സീറ്റിലേക്കു മാറിയപ്പോൾ കോൺഗ്രസ് മുന്നോട്ടുവച്ചത് 2027ലും 2028ലുമായി ലീഗിനു രണ്ടു രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം. ഭരണം കിട്ടിയാൽ 2027ലെയും 2028ലെയും 6 ഒഴിവുകളിലായി 4 പേരെ ജയിപ്പിക്കാൻ യുഡിഎഫിനു കഴിയുമെന്നും ഇതിൽ രണ്ടെണ്ണം ലീഗിനെന്നുമുള്ള ഫോർമുലയായിരുന്നു കോൺഗ്രസിന്റേത്. എന്നാൽ ഭാവിയിലെ ഒഴിവു കണ്ട് ഇപ്പോൾ പിൻമാറാൻ കഴിയില്ലെന്നും നൽകുന്നെങ്കിൽ ഈ ജൂലൈയിലെ ഒഴിവു തന്നെ വേണമെന്നും ലീഗ് നിർബന്ധം പിടിച്ചു.

Read also: ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭ

ഓരോ പാർട്ടിയും പ്രത്യേകമായും പിന്നീട് ഇരുപാർട്ടികൾ തമ്മിലും ചർച്ച നടത്തി. അതിലാണു പ്രശ്നപരിഹാരം എന്ന നിലയിൽ അടുത്ത രാജ്യസഭാ ഒഴിവ് ലീഗിനെന്നു ധാരണയായത്. ഇത്തവണത്തെ ഒഴിവിൽ ലീഗിനു രാജ്യസഭാംഗത്വം നൽകിയാൽ അടുത്ത ഒഴിവിൽ കോൺഗ്രസിന് എന്ന ആലോചനയും യോഗത്തിലുണ്ടായി. 2027ലെ മൂന്ന് ഒഴിവുകളിലൊന്ന് ലീഗ് പ്രതിനിധി പി.വി.അബ്ദുൽ വഹാബിന്റേതാണ്. യോഗത്തിലെ മറ്റു വിശദാംശങ്ങൾക്കൊപ്പം ഇക്കാര്യവും നാളെ പാണക്കാട്ടു ചേരുന്ന നേതൃയോഗത്തിൽ ലീഗ് ചർച്ചയ്ക്കു വയ്ക്കും.

കോൺഗ്രസിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്തു. കുഞ്ഞാലിക്കുട്ടിക്കു പുറമേ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ, കെ.പിഎ.മജീദ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം എന്നിവർ ലീഗിനെ പ്രതിനിധീകരിച്ചു.

സീറ്റുമാറ്റം സാധ്യതയില്ല

മലപ്പുറം ∙ മുസ്‌ലിം ലീഗ് മലപ്പുറം, പൊന്നാനി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നാളത്തെ നേതൃയോഗത്തിൽ തീരുമാനിക്കും. മലപ്പുറത്ത് എം.പി.അബ്ദുസ്സമദ് സമദാനിയും പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറും തന്നെയാണ് പരിഗണനയിൽ. സീറ്റുകൾ വച്ചുമാറുന്നത് ആലോചിച്ചിരുന്നെങ്കിലും വേണ്ടെന്നുവച്ചതായാണു സൂചന. ഇതിലെന്തെങ്കിലും മാറ്റമുണ്ടായാൽ ആ സീറ്റോ, അല്ലെങ്കിൽ രാജ്യസഭാ സീറ്റ് ലഭിക്കുമ്പോൾ അതോ യുവനേതാക്കളിലൊരാൾക്കു നൽകും.

സുധാകരൻ, കെ.സി: മത്സര തീരുമാനം ഇന്ന്

ലോക്സഭയിലേക്കു കണ്ണൂരിൽനിന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ആലപ്പുഴയിൽനിന്നു കെ.സി.വേണുഗോപാലും മത്സരിക്കുമോ എന്നതു നാളെ അറിയാം. നാളെ കൊല്ലത്തു ചേരുന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ദേശീയ നേതൃത്വം അറിയിക്കും. രണ്ടിടത്തും പുതിയ സ്ഥാനാർഥിയെ വേണമെങ്കിൽ അതിനുള്ള ചർച്ചകൾക്കും നാളെ തുടക്കമിടും.

English Summary:

Loksabha Election 2024: Congress- Muslim League Seat Discussions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com