ഓപ്പൺ യൂണിവേഴ്സിറ്റി വിസി: ഗവർണറുടെ തീരുമാനം ഇന്ന്, രാജി സ്വീകരിച്ചേക്കും
Mail This Article
തിരുവനന്തപുരം∙ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.എം.മുബാറക് പാഷയുടെ രാജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തീരുമാനം എടുത്തേക്കും. ഇന്നലെ തലസ്ഥാനത്ത് ഇല്ലാതിരുന്ന ഗവർണർ മടങ്ങിയെത്തിയിട്ടുണ്ട്. ഇന്ന് രാജി സ്വീകരിച്ചേക്കുമെന്നറിയുന്നു. ഗവർണറുടെ ഹിയറിങ്ങിന് എത്താതെയായിരുന്നു മുബാറക് പാഷയുടെ മുൻകൂട്ടിയുള്ള രാജി നടപടി.
കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ സർവകലാശാല വിസിമാർക്കും ആവശ്യമായ യോഗ്യതയില്ലെന്ന് ഹിയറിങ്ങിൽ യുജിസി പ്രതിനിധികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തങ്ങളെ തിരഞ്ഞെടുത്ത നടപടിക്രമം ശരിയെന്നും സർവകലാശാലാ ചട്ടപ്രകാരമാണെന്നുമാണ് ഇവരുടെ വാദം. ഈ വാദം സാധൂകരിക്കപ്പെടുന്നതാണോ എന്ന കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർക്ക് പൂർണ അധികാരം നൽകുന്ന യുജിസിയുടെ നിയമഭേദഗതി രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തു വരുമെന്നും സൂചനയുണ്ട്. ചട്ടവിരുദ്ധമായ നിയമനങ്ങളും നിബന്ധനകളും ഇതോടെ ചാൻസലറായ ആരിഫ് മുഹമ്മദ് ഖാന് ഒഴിവാക്കാനാകും. വിസി നിയമനത്തിൽ സർക്കാരിന് പങ്കു നഷ്ടമാകുകയും ഗവർണർ തന്നെ സേർച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും. കമ്മിറ്റി നൽകുന്ന 3 മുതൽ 5 വരെയുള്ള പേരുകളിൽ നിന്ന് ഗവർണർക്ക് വിസിയെ നിയമിക്കാനാകുമാകും.
അതിനിടെ മന്ത്രി ആർ.ബിന്ദു കേരള സർവകലാശാല യോഗത്തിൽ പങ്കെടുത്ത് യോഗം നിയന്ത്രിച്ചതിനെപ്പറ്റി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നൽകിയ റിപ്പോർട്ട് ഗവർണർ മടക്കി. റിപ്പോർട്ടിലെ ചില ഭാഗങ്ങൾ സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും അവ ദൂരീകരിക്കരിക്കണമെന്നും രാജ്ഭവൻ ആവശ്യപ്പെട്ടു.